സംഘ്പരിവാര്‍ അജണ്ട അടിച്ചേല്‍പ്പിച്ചു കേന്ദ്രസര്‍ക്കാരും ബിജെപിയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുകയാണെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. വര്‍ഗീയധ്രുവീകരണം ശക്തമാക്കിയും പാര്‍ലമെന്ററി ജനാധിപത്യം അട്ടിമറിച്ചും ബിജെപി രാജ്യത്തെ നശിപ്പിക്കുന്നു.
മൂന്നുവര്‍ഷക്കാലയളവില്‍ മോഡിസര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാവാഗ്ദാനങ്ങളില്‍ നിന്നും പിന്‍മാറി രാജ്യത്തെ ജനങ്ങളെ മുഴുവന്‍ വഞ്ചിച്ചതായും യെച്ചൂരി കുറ്റപെടുത്തി. മോഡി സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ മൂന്ന് വര്‍ഷം: റൊട്ടി ഇല്ല, പരിപ്പ് ഇല്ല, ആയിരം ചോദ്യങ്ങള്‍ മാത്രം ബാക്കി’- എന്നാണ് മോഡി സര്‍ക്കാരിന്റെ കുറ്റപത്രത്തിന്റെ തലക്കെട്ട്.
രാജ്യത്തെ പ്രധാനപ്പെട്ട മേഖലകളെല്ലാം സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുള്ള നീതിആയോഗ് ശുപാര്‍ശ മോഡിസര്‍ക്കാര്‍ ഘട്ടംഘട്ടമായി നടപ്പാക്കുകയാണ്. സാമൂഹ്യസുരക്ഷാപദ്ധതികള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം വെട്ടിക്കുറക്കണമെന്ന നീതിആയോഗിന്റെ നിലപാടും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒഴികെ പൊതുവിതരണസമ്പ്രദായം താറുമാറായി.
കോര്‍പറേറ്റ് അനുകൂല നിലപാടുകള്‍ മാത്രം സ്വീകരിക്കുന്ന സര്‍ക്കാരും പാര്‍ടിയും ചങ്ങാത്തമുതലാളിത്തത്തിലൂടെ സമ്പാദിക്കുന്ന ശതകോടികള്‍ തെരഞ്ഞെടുപ്പുകളില്‍ ഒഴുക്കിയും വിവിധ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ചെലവിട്ടും ജനാധിപത്യസംവിധാനത്തെ തന്നെ വെല്ലുവിളിക്കുകയാണ്- യെച്ചൂരി ചൂണ്ടിക്കാണിച്ചു.