റാന്നിയിൽ കുടുംബ കലഹത്തേത്തുടര്‍ന്നു ഭാര്യയെ പെട്രോളൊഴിച്ചു കത്തിച്ചശേഷം ഭര്‍ത്താവും സ്വയം തീകൊളുത്തി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദമ്പതികളില്‍ ആദ്യം ഭര്‍ത്താവും പിന്നീടു ഭാര്യയും മരിച്ചു. തെക്കേപ്പുറം നാലു സെന്റ് കോളനിയില്‍ ഉഴത്തില്‍വടക്ക് മോഹനന്‍ (49), ഭാര്യ ഓമന (47) എന്നിവരാണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ മന്ദിരം ജങ്ഷന്‍-പന്തളം മുക്ക് റോഡില്‍ ചുട്ടിപ്പാറ ജങ്ഷനു സമീപമാണു സംഭവം. ടാപ്പിങ് തൊഴിലാളിയായ മോഹനന്റെ മദ്യപാനവും കുടുംബകലഹവും മൂലം ദമ്പതികള്‍ അകല്‍ച്ചയിലായിരുന്നു. വിവാഹിതരായ പെണ്‍മക്കളുടെ വീടുകളിലും ചുട്ടിപ്പാറയില്‍ വേലയ്ക്കു നില്‍ക്കുന്ന വീട്ടിലുമായാണ് ഓമന കഴിഞ്ഞിരുന്നത്.
രണ്ടാഴ്ച മുമ്പ് കൈയുടെ ഞരമ്പു മുറിച്ചും കീടനാശിനി കഴിച്ചും ആത്മഹത്യക്കു ശ്രമിച്ച മോഹനന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങിവന്നതിനു പിന്നാലെയാണു സംഭവം. ഇന്നലെ ഉച്ചയോടെ കൊലപാതകത്തിനു തയാറെടുത്താണു മോഹനന്‍ ഓമനയെത്തേടി അവര്‍ ജോലിചെയ്യുന്ന വീടിനു സമീപമെത്തിയത്.
രണ്ടു പാത്രങ്ങളിലായി പെട്രോള്‍, നേര്‍പ്പിക്കാത്ത ആസിഡ് എന്നിവ സൂക്ഷിച്ച ബിഗ്‌ഷോപ്പറുമായി പന്തളംമുക്ക് റോഡിലെത്തിയ മോഹനന്‍, ഭാര്യയെ അനുനയത്തില്‍ അവിടേക്കു വിളിച്ചുവരുത്തി. ഒന്നിച്ചു താമസിക്കണമെന്ന ആവശ്യം ഭാര്യ നിരാകരിച്ചതിനേത്തുടര്‍ന്ന് ഇയാള്‍ ഇരുവരുടെയും ദേഹത്തു പെട്രോള്‍ ഒഴിച്ച് തീകൊളുത്തി.
തീ ആളിപ്പടര്‍ന്ന് ഇരുവരും മന്ദിരം ഭാഗത്തേക്കുള്ള റോഡില്‍ 50 മീറ്ററിലേറെ മരണ വെപ്രാളത്തോടെ ഓടി. അലര്‍ച്ച കേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇതിനിടെ റോഡിന്റെ വശങ്ങളില്‍ ഇരുവരും വീണുരുണ്ടു. ഇൗ ഭാഗത്തെ പുല്ലും ചെടികളും കരിഞ്ഞനിലയിലാണ്. നാട്ടുകാര്‍ വെള്ളമൊഴിച്ചും മണല്‍ വാരിയിട്ടും ഒരുവിധം തീയണച്ചെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ വൈകി.
റാന്നിയില്‍നിന്ന് എത്തിയ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ദമ്പതികളെ ആദ്യം റാന്നി താലൂക്കാശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. അധികം വൈകാതെ മോഹനന്‍ മരിച്ചു. 90% പൊള്ളലേറ്റ ഓമന രാത്രി ഒന്‍പതരയോടെയാണു മരിച്ചത്.