പഫ്സ് വാങ്ങാന്‍ പത്തുരൂപ മോഷ്ടിച്ചെന്നാരോപിച്ച് ഒൻപതുവയസുകാരനെ മാതാവ് മുഖത്തും കൈയ്യിലും വയറിലും പൊള്ളലേല്‍പിച്ചു. പിതാവിന്റെ പോക്കറ്റിൽ നിന്നാണ് കുട്ടി പണമെടുത്തത്. അയല്‍വാസിയാണു ശിശു ക്ഷേമസമിതിയെ വിവരം അറിയിച്ചത്. തൊടുപുഴ പെരുമ്പിള്ളിച്ചിറയിൽ ബുധനാഴ്ചയായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ സ്കൂളിൽ പോകാനാകാതെ നിന്ന കുട്ടിയോട് അയൽവാസി വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇയാൾ വിവരം ശിശുക്ഷേമ സമിതിയെ അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തിയശേഷമാണ് പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അടുപ്പിൽനിന്നു വിറകുകൊള്ളിയെടുത്താണ് മാതാവ് മൂന്നാംക്ലാസുകാരനെ പൊള്ളിച്ചത്. പലപ്പോഴും കുട്ടിയുടെ നേർക്ക് ഇത്തരം ക്രൂരമായ ആക്രമണങ്ങൾ ഉണ്ടാകാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. കുട്ടി നിലവിളിക്കുമ്പോൾ ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിവെച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.