സദാചാര പൊലീസ് ; എട്ടു പേർ റിമാൻഡിൽ

police

സദാചാര പൊലീസ് ചമഞ്ഞ് ദലിത് വിഭാഗത്തില്‍പെട്ടവരായ യുവാവിനെയും വിദ്യാര്‍ഥിനിയെയും വിസ്താരം നടത്തി ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ എട്ടുപ്രതികളെ റിമാന്റ് ചെയ്തു. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളജ് വിദ്യാര്‍ഥിനിയും കൊളത്തൂരിലെ യുവാവും തമ്മില്‍ മൊയോലത്തുവെച്ച്‌ സംസാരിക്കുന്നതിനിടയിലാണ് അറസ്റ്റിലായ പ്രതികള്‍ സദാചാര പോലീസ് ചമഞ്ഞ് എത്തിയത്.ഇരുവരേയും ചോദ്യം ചെയ്തു എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കളാണ് എന്ന വസ്തുത പറഞ്ഞെങ്കിലും പ്രതികള്‍ വിടാന്‍ കൂട്ടാക്കിയില്ല. പ്രതികള്‍ പെണ്‍കുട്ടിയുടെയും യുവാവിന്റെയും ചിത്രങ്ങള്‍ എടുത്തു. ഇതോടെ മാനഹാനി ഭയന്ന പെണ്‍കുട്ടി ബാഗിലുണ്ടായിരുന്ന ബ്ലേഡ് കൊണ്ട് സംഭവസ്ഥലത്തുവെച്ചുതന്നെ കൈഞരമ്ബു മുറിച്ചു.രക്തം വാര്‍ന്നൊഴുകി തളര്‍ന്ന പെണ്‍കുട്ടിയെ അതുവഴി വന്ന കാറില്‍ പെരിയ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. മുറിവ് ആഴത്തിലുള്ളതിനാല്‍ പെണ്‍കുട്ടിയെ ജില്ല ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ.വി. ദാമോദരന്‍ പ്രതികളെക്കുറിച്ച്‌ അന്വേഷണം നടത്തി. കൂടെയുണ്ടായ യുവാവില്‍ നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെരിയ മൊയോലം സ്വദേശികളായ രാധാകൃഷ്ണന്‍ (43), ശ്യാംരാജ്(21), ശിവപ്രസാദ് (19), അഖില്‍ (29), ശ്രീരാഗ്(20), സുജിത്(29), സുമിത്(24), അജയ് ജിഷ്ണു (19) എന്നിവരാണ് റിമാന്‍ഡിലായത്.