സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്നവരോട് ക്ഷമിക്കണമെന്നതായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന: ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത – പി.പി. ചെറിയാന്‍

ഡാളസ്: സോഷ്യല്‍ മീഡിയയിലൂടെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവരും, വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്നവരും പരീശന്മാരാണെന്നും, അവര്‍ക്കുവേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥന ‘ദൈവമേ അവര്‍ ചെയ്യുന്നത് ഇന്നതെന്നറിയാത്തതുകൊണ്ട് അവരോട് ക്ഷമിക്കണമേ’ എന്നതായിരിക്കണമെന്നു മാര്‍ത്തോമാ സഭയുടെ പരാമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.

പരിശുദ്ധ സഭയുടെ ഏറ്റവും സുപ്രധാന ദിവസത്തെ ഓര്‍മ്മയെ അനുസ്മരിച്ചുകൊണ്ട് പെന്തക്കുസ്താ പെരുന്നാള്‍ ദിനമായ മെയ് 31-നു ഞായറാഴ്ച തിരുവല്ല പൂലാത്തിനില്‍ നിന്നും വിവിധ രാജ്യങ്ങളിലുള്ള മാര്‍ത്തോമാ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ധ്യാന പ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത.

കുറ്റം ചെയ്യാത്ത സ്റ്റെഫാനോസിനെ പരീശന്മാര്‍ ശിക്ഷ വിധിച്ച് കല്ലെറിഞ്ഞു കൊല്ലുമ്പോള്‍, മരണത്തിന്റെ മുഖത്തുപോലും അവര്‍ക്കെതിരേ ശാപവാക്കുകള്‍ ഉച്ഛരിക്കാതെ, അവര്‍ ചെയ്യുന്നത് ഇന്നതെന്ന് അറിയാത്തതുകൊണ്ട് അവരോട് ക്ഷമിക്കണമേ എന്നായിരുന്നു സ്റ്റെഫാനോസിന്റെ പ്രാര്‍ത്ഥന. ഇതുതന്നെയാണ് ക്രൂശില്‍ തറച്ച പള്ളി പ്രമാണിമാര്‍ക്കും, പരീശന്മാര്‍ക്കും പടയാളികള്‍ക്കുവേണ്ടിയും ക്രിസ്തു പ്രാര്‍ത്ഥിച്ചതെന്നും തിരുമേനി ചൂണ്ടിക്കാട്ടി.

ക്രിസ്തുവിന്റെ ക്രൂശീകരണത്തിനുശേഷം യഹൂദന്മാരെ ഭയപ്പെട്ട് സുരക്ഷിതമെന്നു കരുതി മുറിക്കുള്ളില്‍ ലോക്ഡൗണിലേക്ക് കടന്ന് രക്ഷപ്രാപിക്കാന്‍ ശ്രമിക്കുന്ന ശിഷ്യന്മാരുടെ മധ്യേ എഴുന്നെള്ളി അവരെ യഥാസ്ഥാനപ്പെടുത്തി ഭയത്തെ നീക്കി കളഞ്ഞ ക്രിസ്തുവിലാണ് നാം വിശ്വസിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മഹാഭാരത യുദ്ധം 21 ദിവസംകൊണ്ട് അവസാനിച്ചുവെങ്കില്‍ 21 ദിവസംകൊണ്ട് കോവിഡിനെ കീഴ്‌പ്പെടുത്തുമെന്നു പ്രഖ്യാപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയും, ഓസോണ്‍ പാളികള്‍ ഭേദിച്ചു പുറത്തുവരുന്ന മിസൈലുകളെപോലും തകര്‍ക്കാന്‍ സജ്ജമാണെന്നു പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റും അദൃശ്യനായ കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനു പരാജയപ്പെട്ടിടത്ത്, ദൃശ്യമായതിനേയും, അദൃശ്യമായതിനേയും സൃഷ്ടിക്കപ്പെടുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുന്ന ത്രിഏക ദൈവത്തിലേക്ക് നാം നമ്മുടെ കണ്ണുകളെ ഉയര്‍ത്തേണ്ട സമയമാണിതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

അധര്‍മ്മവും അതിക്രമവും പെരുകിയ ലോകത്തില്‍ സൃഷ്ടാവിനെ കൂടാതെ സര്‍വതും നേടാം എന്നു വിചാരിച്ച ലോകം, നോഹയുടെ കാലത്തുണ്ടായ ജലപ്രളയത്തെക്കുറിച്ച് ഓര്‍ക്കുന്നത് ഉചിതമായിരിക്കുമെന്നും, അതില്‍ നിന്നും ഒരു പാഠം പോലും പഠിക്കാതെ ദൈവത്തെ തോല്‍പിക്കുവാന്‍ സാസേല്‍ ഗോപുരം പണിതുയര്‍ത്തുവാന്‍ ശ്രമിച്ചവരുടെ അനുഭവവും നാം അറിഞ്ഞിരിക്കേണ്ടതാണ്.

സമൂഹത്തില്‍ വികലമാകുന്ന കുടുംബജീവിതാനുഭവങ്ങളേയും തിരുമേനി പരാമര്‍ശിച്ചു. മാതാപിതാക്കളെ അനുസരിക്കാത്ത മക്കളും, അവരോട് തുറന്നു പറയുവാന്‍ ഭയപ്പെടുന്ന മാതാപിതാക്കളും, സ്വന്തം ഉല്ലാസത്തിനും സുരക്ഷിതത്വത്തിനും മാത്രം മുന്‍ഗണന നല്‍കുന്നവരും സമൂഹത്തില്‍ വര്‍ധിച്ചുവരുന്നു. അപരനെ മനസിലാക്കുന്നതിലുള്ള പരാജയമാണിതിന്റെ അടിസ്ഥാന കാരണമെന്നും തിരുമേനി ചൂണ്ടിക്കാട്ടി.

ദേശത്തിനും കുടുംബത്തിനും സൗഖ്യം ലഭിക്കുന്നതിനും നാം സൃഷ്ടിതാവിലേക്കു തിരിയണം. കൃപാലുവായ ദൈവമേ നിന്റെ കൃപയാല്‍ ലോകത്തിനു സൗഖ്യം വരുത്തണമെ എന്ന പ്രാര്‍ത്ഥനയോടെ മെത്രാപ്പോലീത്ത ധ്യാന പ്രസംഗം അവസാനിപ്പിച്ചു.