നിപ വൈറസ് ബാധ; കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

nippa virus

നിപ വൈറസ് ബാധയുടെ നിരീക്ഷണ കാലഘട്ടം ഒൗദ്യോഗികമായി ഇന്നലെ അവസാനിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഇതോടുകൂടെ അവസാനിപ്പിച്ചു. 892 പേര്‍ ഉള്‍പ്പെട്ടിരുന്ന നിരീക്ഷണപ്പട്ടികയും ഒഴിവാക്കി. നിപ്പ ഭീതി ഒഴിവായെങ്കിലും ജാഗ്രത തുടരും. വരുന്ന ഡിസംബറിനും മേയ് മാസത്തിനുമിടയില്‍ നിപ്പ വീണ്ടും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുമുണ്ട്. നിപ്പ മൂലം അവസാന മരണമുണ്ടായത് മേയ് 31ന് ആണ്. നിപ്പയുടെ നിരീക്ഷണ കാലഘട്ടം 21 ദിവസം ആണ്. എന്നാല്‍, 31നു ശേഷം ഒരൊറ്റയാളില്‍പ്പോലും നിപ്പ സ്ഥിരീകരിച്ചിട്ടില്ല. ഒട്ടേറെപ്പേരെ നിപ്പ ലക്ഷണങ്ങളോടെ നിരീക്ഷിച്ചെങ്കിലും എല്ലാവരുടെയും സാംപിള്‍ ഫലം നെഗറ്റീവ് ആയിരുന്നു. 21-ാം തീയതിയോടെ നിരീക്ഷണ കാലം കഴിഞ്ഞെങ്കിലും 30 വരെ നിരീക്ഷണം തുടരാനായിരുന്നു ആരോഗ്യവകുപ്പ് തീരുമാനം. അതാണ് ഇന്നലെ അവസാനിച്ചത്. 42 ദിവസത്തെ നിരീക്ഷണം (ഡബിള്‍ ഇന്‍കുബേഷന്‍ പിരീഡ്) പൂര്‍ത്തിയാക്കണമെന്നു ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍, നിരീക്ഷണ കാലാവധി പന്ത്രണ്ടിനേ അവസാനിക്കൂ. എന്നാല്‍, എബോള പ്രോട്ടോക്കോള്‍ പ്രകാരമുള്ള സമയപരിധിയാണതെന്നും നിപ്പയുടെ കാര്യത്തില്‍ അതിന്റെ ആവശ്യമില്ലെന്നും മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. ജി. അരുണ്‍കുമാര്‍ പറയുന്നു.