Thursday, April 25, 2024
HomeCrimeമുത്തൂറ്റ് പോള്‍. എം. ജോര്‍ജ് കൊലക്കേസില്‍ ഒന്നാം പ്രതിക്ക് ജാമ്യം നിഷേധിച്ചു

മുത്തൂറ്റ് പോള്‍. എം. ജോര്‍ജ് കൊലക്കേസില്‍ ഒന്നാം പ്രതിക്ക് ജാമ്യം നിഷേധിച്ചു

മുത്തൂറ്റ് പോള്‍. എം. ജോര്‍ജ് കൊലക്കേസില്‍ ഒന്നാം പ്രതി കുന്നേല്‍ ജയച്ചന്ദ്രന് (46) തിരുവനന്തപുരം സിബിഐ കോടതി ജാമ്യം നിഷേധിച്ചു. കൊലക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന ഒന്നാം പ്രതിയായ ചങ്ങനാശ്ശേരി പായിപ്പാട് പഞ്ചായത്തില്‍ നാലു മുക്ക് ജംഗ്ഷന് സമീപം കുന്നേല്‍ വീട്ടില്‍ തങ്കപ്പന്‍ മകന്‍ ജയച്ചന്ദ്രനാണ് ജാമ്യം നിഷേധിച്ചത്.

പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവുമായി ജാമ്യക്കാരായി എത്തിയ ജയച്ചന്ദ്രന്റെ മാതാവ് പൊന്നമ്മ , ഭാര്യ എന്നിവരെ സിബിഐ ജഡ്ജി സനില്‍കുമാര്‍ മടക്കി അയച്ചു. ചങ്ങനാശ്ശേരിയിലെ അഭിഭാഷകന്റെ ഹാജരാകല്‍ മെമോ ഹാജരാക്കത്തതിനാലും ജാമ്യ വസ്തുക്കളുടെ കരച്ചീട്ട് മാത്രം ഹാജരാക്കിയെന്നുമുള്ള കാരണം പറഞ്ഞാണ് കോടതി ജാമ്യക്കാരെ തിരിച്ചയച്ചത്. ഹൈക്കോടതി ജാമ്യ ഉത്തരവില്‍ പറയുന്ന ചങ്ങനാശ്ശേരിയിലെ അഭിഭാഷകനെ കൂട്ടി വരാനും ജാമ്യ വസ്തുക്കളുടെ അസ്സല്‍ പ്രമാണം ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം സിബിഐ കോടതിയിലെ മുഴുവന്‍ കേസ് റെക്കോഡുകളും പ്രതികളുടെ അപ്പീല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതിലേക്കായി ഹൈക്കോടതിയിലേക്ക് അയച്ചതിനാലും സി ബി ഐ കോടതിയില്‍ കേസിന്റെ യാതൊരു രേഖകളുമില്ലെന്ന് കോടതി വ്യക്തമാക്കി.

ഹൈക്കോടതി നിര്‍ദ്ദേശിച്ച ജാമ്യവ്യവസ്ഥകള്‍ പാലിക്കാതെ കണ്ണുമടച്ച്‌ ജാമ്യം നല്‍കാനാവില്ലെന്നും കോടതി പുതുതായി ഹാജരായ അഭിഭാഷകനെ അറിയിച്ചു. അമ്ബതിനായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവും അടങ്ങുന്ന ജാമ്യ ബോണ്ട് കീഴ്‌ക്കോടതിയില്‍ കെട്ടിവയ്ക്കണം. ജയച്ചന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവക്കണം. പാസ്‌പോര്‍ട്ട് എടുത്തിട്ടില്ലെങ്കില്‍ അത് സംബന്ധിച്ച സത്യവാങ്മൂലം ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥയിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

പോള്‍ മുത്തൂറ്റ് കൊലക്കേസ് , ഗൂഢാലോചന നടത്തി സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസ് എന്നീ രണ്ട് കേസുകളിലാണ് തിരുവനന്തപുരം സിബിഐ കോടതി വിചാരണ നടത്തി ജയച്ചന്ദനടക്കമുള്ള14 പ്രതികളെ ശിക്ഷിച്ചത്. കൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ സിബിഐ മാപ്പുസാക്ഷികളാക്കി 14 പ്രതികള്‍ക്കെതിരെ കോടതിയില്‍ മൊഴി കൊടുപ്പിച്ചിരുന്നു. 2015 ലാണ് ഇരു കേസുകളിലും 14 പ്രതികളെയും കുറ്റക്കാരെന്ന് കണ്ട് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷിച്ചത്. കൊലക്കേസില്‍ ജീവപര്യന്തം കഠിന തടവു ശിക്ഷ , ഗൂഢാലോചന കേസില്‍ 3 വര്‍ഷം വീതം കഠിന തടവു ശിക്ഷ എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.

2015 മുതല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ് പ്രതികള്‍. ശിക്ഷാവിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികള്‍ കഴിഞ്ഞ ദിവസം പരിഗണനക്കെടുത്ത വേളയിലാണ് 14 പ്രതികള്‍ക്കും ഹൈക്കോടതി അപ്പീലില്‍ അന്തിമ വിധി വരും വരെ ഇടക്കാല ജാമ്യം അനുവദിച്ചത്. 2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങനാശ്ശേരി സ്വദേശികളായ കുന്നേല്‍ ഇയച്ചന്ദ്രന്‍ , അബി , കാരി സതീഷ് , സത്താര്‍ , സുജിത്ത് , പ്രകാശ് , രാജേഷ് എന്ന ആകാശ് ശശിധരന്‍, സതീഷ് കുമാര്‍, രാജീവ് കുമാര്‍ , ഷിനു എന്ന ഷിനോ പോള്‍ , സുല്‍ഫിക്കര്‍ , ഫൈസല്‍ , സബീര്‍ , ഹുസൈന്‍ എന്ന ഹസന്‍ സന്തോഷ് കുമാര്‍ എന്നിവരാണ് ഇരു കേസുകളിലും ശിക്ഷിക്കപ്പെട്ട് അഞ്ച് വര്‍ഷങ്ങളായി തടവുശിക്ഷയനുഭവിച്ചു വരുന്ന ഒന്നു മുതല്‍ പതിനാല് വരെയുള്ള പ്രതികള്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments