പെരിങ്ങര പഞ്ചായത്തിലെ ചാത്തങ്കരി വളവനാരി പ്രദേശത്ത് പെയ്ത ശക്തമായ മഴയില്‍ അപ്രതീക്ഷിത ‘വെള്ളപ്പൊക്കം’. വളവനാരിപ്രദേശത്ത് വെള്ളത്തിനടിയിലായ കുടുംബങ്ങളിലെ 20 പേരെ തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ നാലു ‘പുനരധിവാസ ക്യാമ്പുകളി’ലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് പ്രത്യേക ക്യാമ്പിലേക്കു മാറ്റി. ഇന്നലെ(ജൂലൈ 1) രാവിലെയായിരുന്നു വെള്ളം പൊങ്ങിയതും അടിയന്തരമായി രക്ഷാപ്രവര്‍ത്തനം നടത്തിയതും. പോലീസും ഫയര്‍ഫോഴ്‌സും ആരോഗ്യപ്രവര്‍ത്തകരും റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്നുനടത്തിയ ‘രക്ഷാപ്രവര്‍ത്തനം’ ഒന്നരമണിക്കൂര്‍ നീണ്ടുനിന്നു. സമീപപ്രദേശങ്ങളില്‍ നിന്ന് എത്തിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വെള്ളപ്പൊക്ക ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഇന്‍സിഡന്റ് റെസ്പോസ് സിസ്റ്റത്തിന്റെ (ഐ.ആര്‍.എസ്) ഭാഗമായി തിരുവല്ല താലൂക്കിനു കീഴില്‍ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കോണ്‍കോട് കടവില്‍ നടത്തിയ മോക്ഡ്രില്ലിലാണ് വെള്ളപ്പൊക്ക സാഹചര്യത്തിലെ രക്ഷാപ്രവര്‍ത്തനം സംഘടിപ്പിച്ചത്. വെള്ളപ്പൊക്കത്തില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്താന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ കോണ്‍കോട് കടവില്‍ നിന്ന് ഡിങ്കി ബോട്ടുകള്‍ ഇറക്കിയപ്പോള്‍ ആദ്യം നാട്ടുകാരില്‍ അമ്പരപ്പുണ്ടായി. മോക്ഡ്രില്‍ ആണെന്ന് അറിഞ്ഞതോടെ അത് എങ്ങനെയാണു നടത്തുന്നതെന്ന ആകാംക്ഷയായിരുന്നു പലര്‍ക്കും. കോവിഡ് സാഹചര്യത്തില്‍ യഥാര്‍ഥത്തില്‍ വെള്ളംപൊക്കം ഉണ്ടായാല്‍ എങ്ങനെയാകും രക്ഷാപ്രവര്‍ത്തനം നടത്തേണ്ടത് എന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു മോക്ഡ്രില്‍. ലൈഫ് ജാക്കറ്റുകള്‍, പി.പി ഇ കിറ്റുകള്‍, ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ എല്ലാം തയാറാക്കി രക്ഷാപ്രവര്‍ത്തനത്തിന് സര്‍വസജ്ജരായിരുന്നു ഉദ്യോഗസ്ഥര്‍. രണ്ടു ആംബുലന്‍സ്, രണ്ടു ഡിങ്കി ബോട്ടുകള്‍, ഒരു ബസ്, ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ വെഹിക്കിള്‍, ഫയര്‍ ടെന്‍ഡര്‍ എന്നിവ മോക്ഡ്രില്ലിന് ഉപയോഗിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തി ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയത് നാലുതരത്തിലായിരുന്നു. കോവിഡ് സാഹചര്യത്തില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരെ ഒരു ക്യാമ്പിലേക്കും 10 നും 60നും ഇടയില്‍ പ്രായമുള്ളവരെ മറ്റൊരു ക്യാമ്പിലേക്കും റൂം ക്വാറന്റൈനിലുള്ളവരെയും കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെയും പ്രത്യേകം ക്യാമ്പുകളിലേക്ക് മാറ്റുന്ന രീതിയിലായിരുന്നു മോക്ഡ്രില്‍. 10 സിവില്‍ ഡിഫന്‍സ് വോളന്റീയേഴ്‌സ് ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സില്‍ നിന്ന് 40 പേരുണ്ടായിരുന്നു. പിങ്ക് പോലീസ് ഉള്‍പ്പെടെയുള്ള പോലീസുകാരും പങ്കാളികളായി. ആരോഗ്യവകുപ്പില്‍ നിന്ന് ഡോക്ടര്‍ ഉള്‍പ്പെടെ നാലുപേരുണ്ടായിരുന്നു. താലൂക്ക്തല റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍കൂടിയായ തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു മോക്ഡ്രില്‍. വെള്ളംപ്പൊക്കം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ അവയെ എങ്ങനെ നേരിടണമെന്ന് മനസിലാക്കാനാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചതെന്ന് സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍ പറഞ്ഞു. മോക്ഡ്രില്‍ വിജയകരമായിരുന്നുവെന്ന് അവലോകന യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാ സിനി, പെരിങ്ങര ഗ്രാമഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ജോസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, ഐ ആര്‍ എസ് ഇന്‍സിഡന്റ് കമാണ്ടര്‍കൂടിയായ തിരുവല്ല തഹസില്‍ദാര്‍ മിനി. കെ.തോമസ്, ജില്ലാ ഫയര്‍ ഓഫീസര്‍ വിസി വിശ്വനാഥ്, തിരുവല്ല ഡിവൈ.എസ്.പി ടി.രാജപ്പന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സതീഷ് ചാത്തങ്കരി, ഡെപ്യൂട്ടി ഇന്‍സിഡന്റ് കമാണ്ടര്‍ പുളിക്കീഴ് ബിഡിഒ ടി. ബീനാ കുമാരി, പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാര്‍, തിരുവല്ല താലൂക്ക് ആശുപത്രി ആര്‍.എം.ഒ ഡോ.അരുണ്‍, പെരിങ്ങര ഗ്രാമപഞ്ചായത്തംഗങ്ങള്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.രാജേന്ദ്രന്‍, ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ടന്റ് സുരേഷ് കുമാര്‍, പെരിങ്ങര വില്ലേജ് ഓഫീസര്‍ ജലജകുമാരി, സബ് ആര്‍.ടി.ഒ ബി. ബിജു, സബ് ഇന്‍സ്‌പെക്ടര്‍ ബി.എസ്. ആദര്‍ശ്, തിരുവല്ല സ്റ്റേഷന്‍ ഓഫീസര്‍ പി.ബി. വേണുകുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു