ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

unnav

ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി വിലയിരുത്തിയതായി കിംഗ് ജോര്‍ജ്ജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വ്യാഴാഴ്ച ആശുപത്രിയിലെത്തി. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് സംഘം മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ദില്ലിയിലേക്ക് മാറ്റിയേക്കില്ല എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച്‌ പുതിയ നിര്‍ദ്ദേശങ്ങള്‍ കിട്ടിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ലക്‌നൗവില്‍ തന്നെ വിദഗ്ധ ചികിത്സ നല്‍കാനാവുമെന്നും ട്രോമാ കെയര്‍ മേധാവി സന്ദീപ് തിവാരി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു തവണ വെന്റിലേറ്റര്‍ മാറ്റി നോക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും കിംഗ് ജോര്‍ജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.