കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം നടന്ന ഡൽഹിയിലെ ഹോട്ടൽ വീണ്ടും ഫൊറൻസിക് പരിശോധന. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറെ ഡൽഹിയിലെ ചാണക്യപുരിയിലുള്ള ലീലാ പാലസ് ഹോട്ടലിലെ മുന്നൂറ്റി നാല്പത്തിയഞ്ചാം മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്നര വർഷം അന്വേഷിച്ചിട്ടും ദുരൂഹത മാറ്റാൻ കിഞ്ഞിരുന്നില്ല. സുനന്ദയെ മരിച്ച നിലയില്‍ കാണപ്പെട്ട ഹോട്ടല്‍ മുറി സീൽ വെച്ചതായിരുന്നു. ഇൗ മുറി തുറന്നു തരണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ മാനേജ്മെൻറ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മൂന്നു വർഷമായി മുറി അടച്ചിട്ടിരിക്കുന്നതിനാൽ 50 ലക്ഷം രൂപയോളം നഷ്ടമുണ്ടായതു വ്യക്തമാക്കിയാണു ഹോട്ടൽ അധികൃതർ കോടതിയെ സമീപിച്ചത്. പ്രതിദിനം 55,000 രൂപ മുതൽ 61,000 രൂപ വരെ നിരക്കുള്ള മുറിയാണിത്.
പൊലീസും ഫൊറൻസിക് വിദഗ്ധരും പല തവണ ഹോട്ടൽ മുറി പരിശോധിച്ചുവെന്നും ഇനിയും പൂട്ടിയിടേണ്ട ആവശ്യമില്ലെന്നുമായിരുന്നു കോടതി വിധി. മുറി തുറക്കാൻ ഉത്തരവിട്ടു നാലാഴ്ചക്കു ശേഷവും നടപടി സ്വീകരിക്കാത്തതിൽ ഡൽഹി പൊലീസിനെതിരെ കോടതി വിമർശനമുയർത്തി. സെപ്റ്റംബർ നാലിനു മുൻപു അന്വേഷണത്തിെൻറ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.