പിറവം പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്സ് വിഭാഗത്തിന് തന്നെയാകണമെന്ന് ഹൈക്കോടതി. ചാപ്പലുകളുടെ താക്കോൽ പള്ളി വികാരിക്ക് കൈമാറാൻ കോടതി വാക്കാൽ നിർദ്ദേശം നല്‍കി.
പള്ളി വസ്തുക്കളിലും ഭരണത്തിലും യാക്കോബായ വിഭാഗത്തിന് യാതൊരു അധികാരവും ഇല്ല. എന്നാല്‍, പള്ളിയില്‍ പ്രാര്‍ഥന നടത്താന്‍ യാക്കോബായ വിഭാഗത്തിന് തടസ്സമുണ്ടാവില്ലെന്നും കോടതി പറഞ്ഞു.11 ചാപ്പലുകളില്‍ ഇതുവരെ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം കോടതിയെ അറിയിച്ചു.
പള്ളിയിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് യാക്കോബായ വിഭാഗം ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ഈ ചാപ്പലുകളുടെയെല്ലാം താക്കോല്‍ പള്ളിവികാരിക്ക് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
ഓര്‍ത്തഡോക്സ് -യാക്കോബായ വിഭാഗങ്ങളുടെ ‘മിക്കിമൗസ്’ കളിക്ക് കൂട്ടുനില്‍ക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 24 മണിക്കൂറും പള്ളിക്ക് സംരക്ഷണം നല്‍കുക എന്നത് സാധ്യമല്ല. കുറേയധികം പൊലീസുകാരെ ഇവിടെ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, അഞ്ചു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ പൊലീസുകാരെ പള്ളികളുടെ സംരക്ഷണച്ചുമതലയില്‍ തുടരാന്‍ നിര്‍ദ്ദേശിക്കുന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.