പാലാരിവട്ടം പാലം നിര്‍മാണത്തിനുളള ടെന്‍ഡര്‍ രേഖകളില്‍ വന്‍തിരിമറിയെന്ന് വിജിലന്‍സ്. ആര്‍ഡിഎസ് കമ്ബനിക്കു കരാര്‍ നല്‍കിയതു കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്ബനിയെ മറി കടന്നാണെന്നു വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. 42 കോടി രേഖപ്പെടുത്തിയ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സിനെ മറി കടന്നാണ് 47 കോടി രേഖപ്പെടുത്തിയ ആര്‍ഡിഎസ് കമ്ബനിക്കു കരാര്‍ നല്‍കിയതെന്നാണു കണ്ടെത്തല്‍.
ആര്‍ഡിഎസ് 13.4 ശതമാനം റിബേറ്റ് നല്‍കുമെന്ന് ടെന്‍ഡര്‍ രേഖയില്‍ എഴുതിച്ചേര്‍ത്തു. ടെന്‍ഡര്‍ തിരുത്തിയതു കയ്യക്ഷരം പരിശോധിച്ചതില്‍ വ്യക്തമാണ്. ഉത്തരവാദിത്തം റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷനും കിറ്റ്കോയ്ക്കുമാണ്. ഇതിനുള്ള തെളിവ് വിജിലന്‍സ് കോടതിക്കു കൈമാറി. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് വിജിലന്‍സ് വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ അറിവോടെയാണ് രേഖകളില്‍ തിരിമറി നടത്തിയിട്ടുള്ളത്. രേഖകള്‍ കോടതിക്കു കൈമാറി.
കേസില്‍ ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി . ഒന്നാം പ്രതി സുമീത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജരുമായ എം. ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ നാലാം പ്രതിയും പൊതുമരാമത്ത് മുന്‍ സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.