Sunday, October 13, 2024
HomeNationalഎസ് സി - എസ് ടി നിയമം; ലഘൂകരിച്ച വിധി സുപ്രീംകോടതി റദ്ദാക്കി

എസ് സി – എസ് ടി നിയമം; ലഘൂകരിച്ച വിധി സുപ്രീംകോടതി റദ്ദാക്കി

എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയാനുള്ള നിയമം ലഘൂകരിച്ച വിധി സുപ്രീംകോടതി റദ്ദാക്കി. എസ് സി – എസ് ടി നിയമം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ട് 2018 മാര്‍ച്ച്‌ 20 ന് ജസ്റ്റിസ് മാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ രേഖയിലെ സുപ്രധാനമായ മൂന്ന് വ്യവസ്ഥകളാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് റദ്ദാക്കിയത്.

എസ്.സി-എസ്.ടി വകുപ്പുകള്‍ ചുമത്തുന്ന കേസുകളില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം മാത്രം എഫ്.ഐ.ആറും അറസ്റ്റും മതിയെന്ന് 2018-ല്‍ വരുത്തിയ ഭേദഗതിയാണ് കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണമെന്നതടക്കം വരുത്തിയ ഇളവാണ് ഇതോടെ ഇല്ലാതായത്. അന്നത്തെ വിധിക്കെതിരെ വ്യാപകമായ പ്രതിഷേധമാണു രാജ്യമെമ്ബാടും നടന്നത്. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിലായിരുന്നു കോടതി നടപടി.

തുല്യതയ്ക്കു വേണ്ടി പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ നടത്തുന്ന പോരാട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഇപ്പോഴും പട്ടികജാതി, വര്‍ഗ വിഭാഗക്കാര്‍ തൊട്ടുകൂടായ്മയും സാമൂഹ്യ ഭ്രഷ്ടും അധിക്ഷേപവും നേരിടുന്നുണ്ടെന്നും കോടതി പറഞ്ഞു. എസ്.സി, എസ്.ടി നിയമം ഉപയോഗിച്ച്‌ വ്യാജക്കേസുകള്‍ ഫയല്‍ ചെയ്യുന്നത് ജാതിവ്യവസ്ഥയുടെ കുഴപ്പമല്ലെന്നും മനുഷ്യന്റെ പരാജയമാണെന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതി മാര്‍ഗ്ഗ രേഖ ഇറക്കാന്‍ പാടില്ലായിരുന്നു എന്നും പുനഃപരിശോധന ഹര്‍ജിയില്‍ പുറപ്പടുവിച്ച വിധിയില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ കേസ്സുകളില്‍ പോലും നീതി നിഷേധത്തിന് ഇത്തരം നിബന്ധനകള്‍ വഴി വയ്ക്കും. ജാതി രഹിത സമൂഹം സൃഷ്ടിക്കല്‍ ആണ് ആത്യന്തിക ലക്ഷ്യം. 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് തൊട്ട് കൂടായ്മ നിലനില്‍ക്കുന്നു. പല പൗരാവകാശങ്ങളും പട്ടിക ജാതി പട്ടിക വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിഷേധിക്കപ്പെടുന്നു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമമോ, സംവരണം ഇല്ലാത്ത ഒരു ജാതി രഹിത സമൂഹം ഉണ്ടാകും എന്ന് ഭരണഘടന സൃഷ്ടാക്കള്‍ പ്രതീക്ഷിച്ചിരുന്നു എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments