Tuesday, November 12, 2024
HomeInternationalവേൾഡ് ട്രേഡ് സെന്‍റർ സ്മാരകത്തിനരികിൽ ഭീകരാക്രമണം; 8 മരണം

വേൾഡ് ട്രേഡ് സെന്‍റർ സ്മാരകത്തിനരികിൽ ഭീകരാക്രമണം; 8 മരണം

അമേരിക്ക വീണ്ടും ഭീകരാക്രമണത്തില്‍ നടുങ്ങി വിറച്ചു. വേൾഡ് ട്രേഡ് സെന്‍റർ സ്മാരകത്തിനു സമീപം നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് എട്ടു പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ട്രക്കില്‍ നിന്ന് രണ്ടു കൈത്തോക്കുമായി പുറത്തു വന്ന 29 കാരനെ പോലീസ് വെടിവച്ച് കീഴ്‌പ്പെടുത്തി. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. ലോവര്‍ മാന്‍ഹട്ടനില്‍ സൈക്കിള്‍ സഞ്ചാരികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന പാതയിലേക്ക് പിക്കപ്പ് ട്രക്ക് ഓടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്.
അക്രമി വാഹനത്തിനു പുറത്തു വന്നപ്പോള്‍ ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു റീട്ടെയിലറില്‍ നിന്ന് വാടകയ്‌ക്കെടുത്ത വാഹനമാണ് അക്രമി ഉപയോഗിച്ചതെന്നും, സൈക്കിള്‍ സഞ്ചരിച്ചിരുന്നവരെയും കാല്‍നടയാത്രക്കാരെയും ഇടിച്ചു വീഴ്ത്തിയ ശേഷം ഒരു സ്‌കൂള്‍ ബസില്‍ ഇടിച്ചാണ് വാഹനം നിന്നതെന്ന് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കമ്മീഷണര്‍ ജയിംസ് ഒ നീല്‍ പറഞ്ഞു. വാഹനത്തില്‍ നിന്നു പുറത്തു കടന്ന അക്രമിയെ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഓഫീസര്‍ അരയ്ക്കു കീഴെ വെടിവച്ച് കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും, യുവാവിനെ അറസ്റ്റ് ചെയ്തുവെന്നും കമ്മീഷണര്‍ അറയിച്ചു.
സ്റ്റഡിവസന്റ് ഹൈസ്‌കൂളിനടുത്താണ് സംഭവമുണ്ടായതെന്നും, വാഹനം വലിയ വേഗതയിലായിരുന്നുവെന്നും ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. വാഹനത്തില്‍ നിന്നു പുറത്തു കടന്നയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും, പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണമാണ് നടന്നതെന്നും, ഹലോവിന്‍ രാത്രിയായതു കൊണ്ട് നഗരവാസികള്‍ ഏറെ ജാഗ്രത പാലിക്കണമെന്നും ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ദെ ബ്ലാസിയോ ഓര്‍മിപ്പിച്ചു.
വാടകയ്ക്കെടുത്ത വാനുമായി എത്തിയ അക്രമി തിരക്കുള്ള സൈക്കിൾപാതയിലേക്കു വാഹനമോടിച്ചു കയറ്റുകയായിരുന്നു. സൈക്കിളുകൾ ഇടിച്ചു തെറിപ്പിച്ച വാൻ ഒരു സ്കൂൾ ബസിലും ഇടിച്ചു. സംഭവം ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.സംഭവത്തേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സ്ഥലത്തിന്‍റെ നിയന്ത്രണം പൂർണമായും പോലീസ് ഏറ്റെടുത്തു. ഇവിടെ ഒരു തരത്തിലുള്ള ഭീഷണിയും നിലനില്ക്കുന്നില്ലെന്ന് ന്യൂയോർക്ക് മേയറുടെ ഓഫീസ് അറിയിച്ചു. നടന്നത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം നടക്കുകയാണെന്നും ന്യൂയോർക്ക് പോലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments