Thursday, March 28, 2024
HomeKerala2017 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കെ. സച്ചിദാനന്ദന്

2017 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കെ. സച്ചിദാനന്ദന്

2017 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കവിയും വിവര്‍ത്തകനും നിരുപകനുമായ കെ. സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നേരത്തെ ഒന്നര ലക്ഷം രൂപ ആയിരുന്നു എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്റെ സമ്മാനത്തുക. ഈ വര്‍ഷം മുതലാണ് ഇത് അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തിയത്. സച്ചിദാനന്ദന്‍ മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം.

കവി എന്ന നിലയില്‍ മാത്രമല്ല സച്ചിദാനന്ദന്‍ മലയാളികള്‍ക്ക് പ്രിയങ്കരനായത്. നാടകകൃത്തായും വിവര്‍ത്തകനായും സാമൂഹിക വിഷയങ്ങളില്‍ ഈടുറ്റ ലേഖനങ്ങളെഴുതിയും സച്ചിദാനന്ദന്‍ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി.

വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രാഖ്യാപിച്ചത്. സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്. നേരത്തെ കവിത, ലേഖനം, നാടകം, യാത്രാവിവരണം എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സച്ചിദാനന്ദന് ലഭിച്ചിരുന്നു.

എഴുത്തച്ഛനെഴുതുമ്പോള്‍, പീഡനകാലം, വേനല്‍മരം, വീടുമാറ്റം, അപൂര്‍ണം തുടങ്ങിയവ കവിതാസമാഹരണളും 86കുരുക്ഷേത്രം, സംവാദങ്ങള്‍ സമീപനങ്ങള്‍, സംസ്‌കാരത്തിന്റെ രാഷ്ട്രീയം തുടങ്ങി പതിനഞ്ചില്‍ അധികം ലേഖന സമാഹാരങ്ങളും എഴുത്തിയിട്ടുണ്ട്. മൂന്നു യാത്ര വിവരണങ്ങളും രചിച്ചിട്ടുണ്ട്.

നിരവധി പുരസ്കാരങ്ങൾക്കു സച്ചിദാനന്ദൻ അർഹനായിട്ടുണ്ട്. 1946 മേയ് 28ന് തൃശൂർ ജില്ലയിൽ ജനിച്ച സച്ചിദാനന്ദൻ 50ഓളം പുസ്തകങ്ങൾ രചിച്ചു. “മറച്ചു വച്ച വസ്തുക്കൾ’ എന്ന കവിതാ സമാഹാരത്തിന് 2012ലാണ് സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. 1989, 1998, 2000, 2009, 2012 എന്നീ വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കും സച്ചിദാനന്ദൻ അർഹനായി.

1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും സച്ചിദാനന്ദൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസറും വകുപ്പ് മേധാവിയുമാണ് സച്ചിദാനന്ദൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments