റാന്നി- നിലയ്ക്കൽ പദയാത്ര പരുമലയിൽ എത്തി

parumala

പരുമല തിരുമേനിയുടെ കബറിടത്തിലേക്കു നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളിയിൽ നിന്നും ആരംഭിച്ച പദയാത്ര ഇന്നു സന്ധ്യയോടെ പരുമലയിൽ എത്തി. പരുമല തിരുമേനി ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്നുള്ള പ്രാർഥനാ വാചകം ആവർത്തിച്ചു അപേക്ഷിച്ചു കൊണ്ട് ഭക്തിനിർഭരമായ പദയാത്രയാണ് പരുമലയിൽ എത്തിയത്. കാഷായ വസ്ത്രധാരികളായി തീർഥാടകർ കാട്ടുവള്ളി കുരിശും വഹിച്ചുകൊണ്ടാണു കാൽ നടയായി തിരുമേനിയുടെ കബറിങ്കൽ എത്തിയത്.

ആങ്ങമൂഴി സെന്റ് ജോർജ്, നിലയ്ക്കൽ സെന്റ് തോമസ്, സീതത്തോട് സെന്റ് ഗ്രിഗോറിയോസ്, വയ്യാറ്റുപുഴ സെന്റ് തോമസ്, ചിറ്റാർ സെന്റ് ജോർജ് വലിയപള്ളി, കുടപ്പന സെന്റ് മേരീസ്, വടശേരിക്കര വിശുദ്ധ മർത്തമറിയം തീർഥാടന പള്ളി എന്നീ ദേവാലയങ്ങളുടെ നേതൃത്വത്തിലാണു പദയാത്ര സംഘടിപ്പിച്ചത്.

വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് മണിയാർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പേഴുംപാറ പൗരാവലി പദയാത്രികരെ സ്വീകരിച്ചു. ഇന്നലെ വൈകിട്ടു വടശേരിക്കര വിശുദ്ധ മർത്തമറിയം തീർഥാടന പള്ളിയിൽ വിശ്രമിച്ചു. രാവിലെ അഞ്ചിനു പുനരാരംഭിച്ച പദയാത്ര കീക്കൊഴൂർ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ദേവാലയം, പുത്തൻകാവ് ദേവാലയം എന്നിവ സന്ദർശിച്ചു കത്തിച്ച മെഴുകുതിരികളുമായി വൈകിട്ട് ആറു മണിയോടെ പ കബറിങ്കൽ എത്തി . നാളെ നടക്കുന്ന കുർബാനയിലും കബറിങ്കലെ ധൂപപ്രാർഥനയിലും നേർച്ചവിളമ്പിലും പങ്കെടുത്ത ശേഷമാവും മടക്കം.
ഇന്നലെ രാവിലെ നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളിയിൽ ബസലേൽ റമ്പാന്റെ കാർമികത്വത്തിൽ നടന്ന കുർബാനയ്ക്കു ശേഷമായിരുന്നു പദയാത്രയുടെ തുടക്കം. തുടർന്നു പതാക, വള്ളിക്കുരിശ്, കത്തിച്ച മെഴുകുതിരികൾ എന്നിവ ബസലേൽ റമ്പാൻ പദയാത്രികർക്കു കൈമാറി.

പദയാത്ര പ്രസിഡന്റ് ഫാ. സോബിൻ സാമുവൽ, നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റർ ഫാ. കുര്യാക്കോസ് വടക്കേടത്ത്, ഫാ. അജി ഫിലിപ്, ജനറൽ കൺവീനർ അനു വർഗീസ്, ഷാജി സാമുവൽ വാഴക്കുന്നത്ത്, റിജിൻ പടനിലത്ത് എന്നിവർ പ്രസംഗിച്ചു. ഫാ. എബി വർഗീസ്, ഫാ. സഖറിയ, ഫാ. ഗീവർഗീസ്, ഫാ. സാം പി.വർഗീസ്, വി.എം.രാജു വലിയതറയിൽ, ഡോ. ഏബ്രഹാം ഫിലിപ് മലമണ്ണേൽ എന്നിവർ നേതൃത്വം നൽകി