അയോധ്യ കേസിലെ അന്തിമ വിധി സുപ്രീംകോടതി ഏതാനും ദിവസത്തിനകം പ്രഖ്യാപിക്കാനിരിക്കെ രാജ്യത്ത് സമാധനാന്തരീക്ഷം കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കണമെന്ന് ആര്‍എസ്എസ് നേതൃത്വം കീഴ്ഘടകങ്ങളോട് നിര്‍ദേശിച്ചു.
ദില്ലിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗതിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗം അയോധ്യയിലെ വിധി എന്തായാലും രാജ്യത്തെ സമുദായിക സൗഹാര്‍ദ്ദത്തേയും പൊതു അന്തരീക്ഷത്തേയും ബാധിക്കാതെ സൂക്ഷിക്കണമെന്ന് പൊതുവികാരമാണ് പങ്കുവച്ചത്.
വിധി ഏതു രീതിയാലും പ്രവര്‍ത്തകരെ കര്‍ശനമായി നിയന്ത്രിക്കാനും ഇതരസമുദായങ്ങളെ പ്രകോപിപ്പിക്കാത്ത തരത്തില്‍ മുന്നോട്ട് നീങ്ങാനും യോഗത്തില്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വം സജീവമായി ഇടപെടും.
അയോധ്യ കേസിലെ വിധി രാജ്യത്തെ പൗരന്‍മാരില്‍ സമ്മിശ്ര പ്രതികരണം സൃഷ്ടിക്കുമെങ്കിലും എല്ലാവരും സ്വയം നിയന്ത്രിക്കണമെന്നും ഇതരസമുദായങ്ങളുടെ വികാരത്തെ ആരും ഹനിക്കാന്‍ ശ്രമിക്കരുതെന്നും നേതൃത്വം ആവശ്യപ്പെട്ടു.