Monday, October 14, 2024
HomeKeralaആല്‍ഫ സെറിന്റെ നിര്‍മാതാവ് പോള്‍ രാജിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു

ആല്‍ഫ സെറിന്റെ നിര്‍മാതാവ് പോള്‍ രാജിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു

തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരടിലെ നാലു ഫ്‌ളാറ്റുകളില്‍ ഒന്നായ ആല്‍ഫ സെറിന്റെ നിര്‍മാതാവ് പോള്‍ രാജിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു.രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് പോള്‍ രാജ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.തുടര്‍ന്ന് കോടതി ഇയാളെ റിമാന്റു ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കസ്റ്റഡി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

കോസ്റ്റല്‍ സോണില്‍ പെട്ടതും കെട്ടിട നിര്‍മാണം നിരോധിച്ചിട്ടുള്ളതും റവന്യു രേഖകളില്‍ നിലമായി കാണിച്ചിരിക്കുന്നതുമായ സ്ഥലത്താണ്് പോള്‍ രാജ് പഞ്ചായത്ത് ഉദ്യോഗസ്ഥരും ആര്‍ക്കിടെക്ടും ആയി ചേര്‍ന്ന് കുറ്റകരമായി ഗൂഡാലോചന നടത്തി ആല്‍ഫ വെഞ്ചേഴ്‌സ് എന്ന കമ്പനി ആല്‍ഫ സെറിന്‍ എന്ന പേരില്‍ ഇരട്ട അപാര്‍ട്‌മെന്റ് കെട്ടിട നിര്‍മാണം നടത്തിയതെന്ന് കസ്റ്റഡിയാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

ഈ ഫ്‌ളാറ്റുകള്‍ വില്‍പന നടത്തി കെട്ടിട ഉടമ അന്യായമായ ലാഭം ഉണ്ടാക്കി പരാതിക്കാരനെയും മറ്റും വിശ്വാസ വഞ്ചനയും ചതിയും ചെയ്ത് അന്യായമായ നഷ്ടം വരുത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ബോധിപ്പിച്ചു.കേസിലെ ഒന്നാം പ്രതിയായ പോള്‍ രാജ് അന്നത്തെ മരട് പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന മുഹമ്മദ് അഷറഫ്, ജൂനിയര്‍ സൂപ്രണ്ടായിരുന്ന പി ഇ ജോസഫ്,യുഡി ക്ലാര്‍ക്ക് ജയറാം നായിക് എന്നിവരും ആര്‍കിടെക് കെ സി ജോര്‍ജ് എന്നയാളുമായും ചേര്‍ന്ന് ഗുഢാലോചന നടത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി.

കേസിലെ ഒന്നാം പ്രതിയായ പോള്‍ രാജ് വിവിധ സ്ഥലങ്ങളിലായി അപാര്‍ട്‌മെന്റ് സമുച്ചയങ്ങള്‍ നിര്‍മിച്ച് വില്‍പന നടത്തുന്നയാളാണ്. സിആര്‍ഇസഡ് നോട്ടിഫിക്കേഷന്‍ പ്രകാരം കെട്ടിട നിര്‍മാണം നിരോധിച്ചിട്ടുള്ള സ്ഥലത്ത് 18 നിലകളുള്ള ഇരട്ട അപാര്‍ട്‌മെന്റ് നിര്‍മിച്ച് നിയമലംഘനം മറച്ചു വെച്ച് 72 ആളുകള്‍ക്ക് ഫ്‌ളാറ്റുകള്‍ വില്‍പന നടത്തിയ അന്യായമായി ലാഭം ഉണ്ടാക്കിയെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. കേസിനാസ്പദമായ സംഭവം നടന്ന കാലയളവില്‍ പ്രതി പോള്‍ രാജ് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തേണ്ടതുണ്ട്.കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി രേഖകള്‍ സംബന്ധിച്ച് തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

രണ്ടു ദിവസത്തെ കസ്റ്റഡിയാണ് ക്രൈംബാഞ്ച് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ ആവശ്യം പരിഗണിച്ച കോടതി പോള്‍രാജിനെ ഞായറാഴ്ച വരെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments