ജയില്‍ ജീവനക്കാരിയെ കൊലപ്പെടുത്തിയ ജോണ്‍ ഗ്രാന്റിന്റെ വധശിക്ഷ നടപ്പാക്കി

ഒക്ലഹോമ: ജയിലില്‍ കഴിയുമ്പോള്‍ അവിടുത്തെ കഫ്റ്റീരിയാ ജീവനക്കാരി ഗെ ഗാര്‍ട്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജോണ്‍ ഗ്രാന്റിന്റെ ശിക്ഷ വ്യാഴാഴ്ച നടപ്പാക്കി. 1998 ലായിരുന്നു സംഭവം. വധശിക്ഷ നടപ്പാക്കുന്നതു സ്റ്റേ ചെയ്യണമെന്ന ആവശ്യം യുഎസ് സുപ്രീം കോടതി വ്യാഴാഴ്ച നിരസിച്ചതിനു രണ്ടു മണിക്കൂറുകള്‍ക്കുള്ളില്‍ ശിക്ഷ നടപ്പാക്കി.

ഒക്ലഹോമയില്‍ ആറര വര്‍ഷത്തിനുശേഷം നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്. 23 വര്‍ഷമായി വധശിക്ഷ കാത്തുകഴിയുകയായിരുന്നു ജോണ്‍ ഗ്രാന്റ്. മൂന്നു മാരകമിശ്രിതങ്ങള്‍ ചേര്‍ത്ത വിഷം കുത്തിവച്ച് ശിക്ഷ നടപ്പാക്കുകയായിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് ഗ്ലാസ് ഡോറിലൂടെ പുറത്തു നില്‍ക്കുന്നവര്‍ക്കു കാണുന്നതിന് കര്‍ട്ടന്‍ മാറ്റിയതോടെ ജോണ്‍ ശാപവാക്കുകള്‍ പറയാന്‍ തുടങ്ങിയതായി ദൃക്‌സാക്ഷി പറഞ്ഞു.

നിരവധി തവണ ജോണ്‍ ഗ്രാന്റിന്റെ വധശിക്ഷ നടപ്പാക്കുന്നതു മാറ്റി വച്ചിരുന്നു. പ്രതിയുടെ വധശിക്ഷ കാണുന്നതിന് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാത്തിരിക്കുകയായിരുന്നു കൊല്ലപ്പെട്ട ഗെ ഗാര്‍ട്ടറുടെ കുടുംബാംഗങ്ങള്‍.