“കണകുണ പറയാതെ മാപ്പു പറയണം …”ദീപ നിശാന്തിനോട് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ദീപാനിശാന്തിന്റെ കവിതാ മോഷണം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നതിന് പിന്നാലെയാണ് മാധവന്റെ ട്വീറ്റ്. അടിച്ചു മാറ്റിയ കവിത കോളജ് അധ്യാപിക ദീപ നിശാന്തിന്റേതെന്ന പേരില്‍ ഫോട്ടോ സഹിതമാണ് എകെപിസിടിഎയുടെ മാഗസിനില്‍ അച്ചടിച്ചു വന്നത്.2011ല്‍ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ എന്ന തന്റെ കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപാ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്നാണ് കലേഷ് പറയുന്നത്. 2011 മാര്‍ച്ച് നാലിന് തന്റെ കവിത ബ്ലോഗിലും മാധ്യമത്തിലും പ്രസിദ്ധീകരിച്ചാണെന്നും അതിനുള്ള തെളിവുകളും കലേഷ് കാണിക്കുന്നുണ്ട്.
ഇതോടെ രണ്ട് കവിതകളുടെയും സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ദീപ നിഷാന്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു.
ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരിക പരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ലെന്നുമായിരുന്നു ദീപയുടെ പ്രതികരണം. വീണിടത്തു കിടന്നു ദീപ് ഉരുളുന്നവെന്ന് വ്യക്തം. എകെപിസിടിഎയുടെ മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നില്ലെന്നും അവർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേസമയം ‘അങ്ങനെയിരിക്കെ’ എന്ന കവിത ദീപ നിശാന്ത് തന്നെ അയച്ചു തന്നതാണെന്ന് വ്യക്തമാക്കി കൊണ്ട് ഓള്‍ കേരളാ പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്ത് വന്നിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് പത്മനാഭനും, ജേര്‍ണല്‍ പത്രാധിപര്‍ ഡോ. സണ്ണിയും ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. എ.കെ.പി.സി.റ്റി.എ.ക്കോ, ജേര്‍ണല്‍ പത്രാധിപസമിതിക്കോ യാതൊരു വീഴ്ചയും വന്നിട്ടില്ലയെന്ന് എ.കെ.പി.സി.റ്റി.എ. സംസ്ഥാന പ്രസിഡന്റ് പത്മനാഭന്‍ പറഞ്ഞു. എന്നാൽ ദീപാ നിശാന്ത് അറിയപ്പെടുന്ന ആളായതിനാല്‍ കൂടുതല്‍ പരിശോധന നടത്തിയില്ലായെന്ന നോട്ടക്കുറവ് മാത്രമാണ് തങ്ങളുടെ വീഴ്ചയെന്ന് അദ്ദേഹം വിശദീകരിച്ചു. ദീപാ നിശാന്തിന്റെ കവിത കേരള വര്‍മ്മ കോളജിലെ അധ്യാപകനായ രാജേഷാണ് ദീപാ നിശാന്തില്‍ നിന്നും വാങ്ങി അയച്ചു തന്നത്.
ഒടുവിൽ ദീപ നിശാന്ത് ക്ഷമ ചോദിച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ടു .
“…….ഇപ്പോള്‍ നടന്നത് ഏറെ ദു:ഖകരമായ കാര്യമാണ്. ഒരു സര്‍വ്വീസ് സംഘടനയുടെ മാഗസിനില്‍ മറ്റൊരാളുടെ വരികള്‍ എന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടതു കൊണ്ട് എനിക്ക് ഒരു ലാഭവുമില്ല എന്നും കാര്യമായ നഷ്ടമേ സാദ്ധ്യതയുള്ളൂ എന്നും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി എനിക്കുണ്ട്. നിങ്ങളോരോരുത്തര്‍ക്കുമുണ്ട്. അത്രമാത്രം സോഷ്യല്‍ ഓഡിറ്റിംഗ് നേരിടുന്ന വ്യക്തിയാണ് ഞാന്‍. ഞാന്‍ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകള്‍ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധിയെങ്കിലും എന്നില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കണം. പിന്നെയെങ്ങനെ ഇതു സംഭവിച്ചു എന്നു ചോദിച്ചാല്‍ മുഴുവന്‍ കാര്യങ്ങളും പറയാനാവാകാത്ത ചില പ്രതിസന്ധികള്‍ അതിലുണ്ട് എന്നുമാത്രമേ എനിക്കു പറയാനാവൂ. ആ പ്രതിസന്ധികള്‍ കാലം തെളിയിക്കും. ഞാനായി ഒരാളെയും തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ നേടുന്ന ഒന്നിലും എനിക്ക് വിശ്വാസവുമില്ല. കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലക്കും അദ്ധ്യാപിക എന്ന നിലക്കും മറ്റാരേക്കാളും കുറയാത്ത നിലയില്‍ എനിക്കു മനസ്സിലാവും. അക്കാര്യത്തില്‍ ഞാനും പ്രകടിപ്പിക്കാനാവാത്ത വിധം ദുഃഖിതയാണ്. എന്റെ പേരില്‍ വരുന്ന ഓരോ വാക്കിനും ഞാന്‍ ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഞാന്‍ ക്ഷമചോദിക്കുന്നു. ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നു.”