ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമുദായ നേതാക്കളുടെ യോഗത്തിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.
എന്‍എസ്‌എസിന്റെ പേരെടുത്ത് പറയാതെ പരോക്ഷമായിട്ടായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. കേരളത്തിന്റെ ശക്തി നവോത്ഥാന മൂല്യങ്ങളുടെ പിന്‍തുടര്‍ച്ചക്കാരാണ്, ഇപ്പോള്‍ ഇറങ്ങി നടക്കുന്നവരല്ല എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇത് ഭക്തിയല്ല വിഭക്തിയാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
സമുദായ നേതാക്കളുടെ യോഗം എന്‍എസ്‌എസ് യോഗം ബഹിഷ്‌കരിച്ചിരുന്നു. സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധിയെ എതിര്‍ത്ത് ആദ്യം രംഗത്ത് എത്തിയത് എന്‍എസ്‌എസ് ആയിരുന്നു. വിഷയത്തില്‍ നാമജപ യാത്രക്ക് നേതൃത്വം നല്‍കിയതും എന്‍എസ്‌എസ് ആയിരുന്നു.