ജിയോ വെല്‍ക്കം ഓഫര്‍ കാലാധി നീട്ടി; പ്രതിദിന ഉപയോഗ പരിധി 1 ജിബി

4ജി റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫര്‍ കാലാവധി നീട്ടി ‘ഹാപ്പി ന്യൂ ഇയര്‍’ ഓഫര്‍ പ്രഖ്യാപിച്ചതിനൊപ്പം പുതിയ ഓഫറില്‍ പ്രതിദിനം ലഭ്യമാകുന്ന സൗജന്യ ഡാറ്റയില്‍ നിയന്ത്രണം.പ്രതിദിനം4 ജിബി 4ജി ഡാറ്റയാണ് ജിയോ സൗജന്യമായി നല്‍കിയിരുന്നതു. പുതിയ ഓഫര്‍ പ്രകാരം പ്രതിദിനം ഒരു ജിബി സൗജന്യ ഡാറ്റയാകും ലഭ്യമാകുക. പരിധി കഴിയുന്നതോടെ ഡേറ്റ സ്പീഡ് 128 kbps ആയി കുറയും. കൂടുതൽ ഡേറ്റ ആവശ്യമുള്ളവർക്കായി വ്യത്യസ്ത ബൂസ്റ്റർ പായ്ക്കുകൾ റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു ജിബിയുടെ ഫെയര്‍ യൂസേജ് പോളിസി (fup) കൊണ്ടുവരുമെന്നാണ് പുതിയ പ്രഖ്യാപനത്തില്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ജിയോയുടെ ഉപയോക്താക്കളില്‍ 20 ശതമാനം മാത്രമാണ് വന്‍തോതില്‍ ഡാറ്റ ഉപയോഗിക്കുന്നതെന്നും ഇതുമൂലം ഒരു വിഭാഗം ഉപയോക്താക്കള്‍ക്ക് ജിയോയുടെ സൗകര്യങ്ങള്‍ പൂര്‍ണമായ രീതിയില്‍ ഉപയോഗിക്കാനാവുന്നില്ലെന്നും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

എല്ലാ ഉപയോക്താക്കള്‍ക്കും ജിയോയുടെ മികച്ച സേവനം ഉറപ്പാക്കുന്നതിനായാണ് ഒരു ജിബി ഡാറ്റയിലേക്ക് സൗജന്യ ഡാറ്റ പരിമിതപ്പെടുത്തിയത്. ജിയോയുടെ 80 ശതമാനം ഉപയോക്താക്കളും ഒരു ജിബിയില്‍ താഴെ ഡാറ്റയാണ് പ്രതിദിനം ഉപയോഗിക്കുന്നതു. എന്നാല്‍ ഇത് മറ്റ് നെറ്റ്‌വര്‍ക്കുകളിലെ ഡാറ്റ ഉപയോഗത്തിന്റെ 30 മടങ്ങ് വരുമെന്നും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി അവകാശപ്പെടുന്നു. ഇതേ സമയം ജിയോയുടെ വരവോടു കൂടി മറ്റു ടെലികോം ഓപ്പറേറ്റർമാർ അവരുടെ നിരക്കുകൾ കുറയ്ക്കുമെന്നു റിപ്പോർട്ടുണ്ട്.

ഡിസംബര്‍ 31 വരെയാണ് ജിയോ സൗജന്യ ഓഫര്‍ കാലാവധി നല്‍കിയിരുന്നത്. ഇപ്പോൾ മാര്‍ച്ച് 31 വരെയാണ് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.