ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കൂറിനിടയില്‍ ആറുപേരെ കൊലപ്പെടുത്തിയ സൈക്കോ കില്ലര്‍ പിടിയില്‍. രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് നടത്തിയ കൊലപാതകങ്ങള്‍ നടന്നത് ഹരിയാനയിലെ പല്‍വാളിലാണ്.ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കും നാലു മണിക്കും ഇടയിലാണ് ഇരുമ്പ് ദണ്ഡിന് അടിച്ച് ആറ് കൊലപാതകങ്ങളും നടത്തിയത്. പല്‍വാള്‍ മേഖലയിലെ വിവിധ പ്രദേശങ്ങളിലാണ് കൊലപാതകങ്ങള്‍ നടന്നത്.പുലര്‍ച്ചെ രണ്ടരയോടെ സ്ഥലത്തെ ഒരു ആശുപത്രിയില്‍ വച്ച് ഒരു സ്ത്രീയെ ആണ് ഇയാള്‍ ആദ്യം തലയ്ക്കടിച്ചു കൊന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഒരാള്‍ കമ്പിവടിയുമായി നടന്നുപോകുന്നത് പോലീസിന് ലഭിക്കുന്നത്. ആദ്യത്തെ കൊലയ്ക്ക് ശേഷം വഴിയിലേക്കിറങ്ങിയ പ്രതി പല്‍വാലിലെ ആഗ്ര റോഡ് മുതല്‍ മിനാര്‍ ഗേറ്റ് വരെ വഴിയരികില്‍ കണ്ട നാല് പേരെയാണ് കമ്പി വടിക്ക് അടിച്ചുകൊന്നു. ഏറ്റവും ഒടുവില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി. സി.സി.ടി.വിയില്‍ നിന്നുമുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പല്‍വാളിലെ ആദര്‍ശ് നഗറില്‍ നിന്നുമാണ് അക്രമിയെ പിടികൂടിയത്. മുന്‍ കരസേന ഉദ്യോഗസ്ഥനായ നരേഷ് എന്നയാളാണ് കൃത്യം നടത്തിയത്. ഇയാള്‍ മാനസിക രോഗത്തിന് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ നിലയിലാണ് കൊലപാതകിയെ പൊലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെയും ഇയാള്‍ അക്രമിക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടുള്ള ഇയാളെ ഫരീദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.