ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡൽ കാസ്ട്രോയുടെ മൂത്ത മകൻ ജീവനൊടുക്കി. മോസ്കോയിലായിരുന്നു ബലാർട്ട് ഉന്നതവിദ്യാഭ്യാസം നേടിയത്. പിന്നീട് രാജ്യത്തിന്റെ ഉന്നത ആണവശാസ്ത്രജ്ഞനാകുകയും ചെയ്തു. ക്യൂബൻ കൗൺസിൽ ഓഫ് സ്റ്റേറ്റിന്റെ ശാസ്ത്രവിഭാഗം ഉപദേഷ്ടാവായിരുന്നു ബലാർട്ട്. ക്യൂബ അക്കാഡമി ഓഫ് സയൻസിന്റെ ഉപാധ്യക്ഷൻ കൂടിയായിരുന്നു അദ്ദേഹം. ഫിഡൽ ഏയ്ഞ്ചൽ കാസ്ട്രോ ഡിയാസ് ബലാർട്ട് (68) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ ഹവാനയിലായിരുന്നു സംഭവം.
കടുത്ത വിഷാദരോഗത്തെ തുടർന്ന് മാസങ്ങളോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. ക്യൂബൻ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കാസ്ട്രോയുടെ മക്കളിൽ ഏറ്റവും അധികം വിദ്യാഭ്യാസം നേടിയ ആളായിരുന്നു ബലാർട്ട്. ഫിഡലിറ്റോ എന്നാണ് ബലാർട്ടിനെ വിളിച്ചിരുന്നത്. പിതാവ് ഫിഡൽ കാസ്ട്രോയുമായുള്ള രൂപ സാദൃശ്യമായിരുന്നു ഈ വിളിപ്പേരിന് ബലാർട്ടനെ അർഹനാക്കിയത്. കാസ്ട്രോയുടെ ആദ്യ ഭാര്യ മിർത ഡിയാസ് ബലാർട്ട് ഗുട്ടറസിലാണ് ബലാർട്ട് ജനിച്ചത്. നിയമ വിദ്യാർഥിയായിരിക്കുമ്പോഴാണ് മിർതയെ കാസ്ട്രോ വിവാഹം ചെയ്യുന്നത്.