Friday, March 29, 2024
HomeNationalമോദി അധ്യക്ഷനായ സമിതി ഋഷി കുമാര്‍ ശുക്‌ളയെ സിബിഐ മേധാവിയായി തിരഞ്ഞെടുത്തു

മോദി അധ്യക്ഷനായ സമിതി ഋഷി കുമാര്‍ ശുക്‌ളയെ സിബിഐ മേധാവിയായി തിരഞ്ഞെടുത്തു

അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ സിബിഐയ്ക്ക് പുതിയ മേധാവി. ഋഷി കുമാര്‍ ശുക്ല ഐപിഎസ് ആണ് സിബിഐ മേധാവി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയാണ് ഋഷി കുമാര്‍ ശുക്‌ളയെ തെരഞ്ഞെടുത്തിരിക്കുന്നത്. 1984ലെ ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ ഋഷി കുമാര്‍ ശുക്‌ള മധ്യപ്രദേശിലെ മുന്‍ ഡിജിപിയാണ്. വരുന്ന രണ്ട് വര്‍ഷക്കാലം സിബിഐയെ ശുക്‌ള നയിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് എന്നിവര്‍ അടങ്ങിയ സമിതിയാണ് പുതിയ സിബിഐ തലവനെ തെരഞ്ഞെടുത്തത്. സര്‍ക്കാര്‍ മുന്നോട്ട് വെച്ച ചില പേരുകളോട് ഖാര്‍ഗെ യോജിക്കാതെ വന്നതോടെയാണ് സിബിഐ തലവന്‍ നിയമനം വൈകിയത്. നിയമനം വൈകുന്നതിനെ കഴിഞ്ഞ ദിവസം സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.

ജാവേദ് അഹമ്മദ്, എസ്‌എസ് ദേശ്വാള്‍, രജനീകാന്ത് മിശ്ര എന്നിവര്‍ അടക്കമുളളവരെ സിബിഐ ഡയറക്ടര്‍ പദവിയിലേക്ക് പരിഗണിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ജാവേദ് അഹമ്മദിനെ നിയമിക്കണം എന്നാണ് ഖാര്‍ഗെ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വര്‍ റാവുവില്‍ നിന്നും ശുക്‌ള ചുമതല ഏറ്റ് വാങ്ങും.സിബിഐ തലപ്പത്തെ വിവാദങ്ങള്‍ക്കിടയിലേക്കാണ് പുതിയ തലവനായുളള ശുക്‌ളയുടെ കടന്ന് വരവ്. സിബിഐ മുന്‍ തലവനായ അലോക് വര്‍മ്മയും സിബിഐ ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയും തമ്മിലുളള ഏറ്റുമുട്ടലാണ് സിബിഐയെ വിവാദത്തിലേക്ക് നയിച്ചത്. സിബിഐ സ്ഥാനത്ത് നിന്നും സര്‍ക്കാര്‍ അലോക് വര്‍മ്മയെ നീക്കുകയും സുപ്രീം കോടതി ആ തീരുമാനം റദ്ദാക്കുകയും ചെയ്തു. എന്നാല്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെ സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്ന് അലോക് വര്‍മ്മയെ വീണ്ടും പുറത്താക്കി. 2017 ഫെബ്രുവരി 1ന് ചുമതലയേറ്റ അലോക് വര്‍മ്മയുടെ കാലാവധി വ്യാഴാഴ്ച പൂര്‍ത്തിയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments