നാറ്റോയുടെയും അമേരിക്കയുടെയും പ്രതിരോധ സംവിധാനങ്ങളെ മറികടന്നു ലോകത്ത് എവിടെയും ചെന്നെത്താൻ ശേഷിയുള്ള ആണവ മിസൈലുകളും മറ്റ് നൂതന ആയുധങ്ങളും റഷ്യ വികസിപ്പിച്ചെന്നു പ്രസിഡന്റ് വ്ളാദിമിർ പുടിൻ. റഷ്യൻ പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു നടത്തിയ രണ്ടു മണിക്കൂർ ദീർഘിച്ച വാർഷിക പ്രസംഗത്തിനിടയിൽ പുതിയ ആയുധങ്ങളുടെ വീഡിയോ ക്ലിപ്പുകളും പ്രസിഡന്റ് പ്രദർശിപ്പിച്ചു. രണ്ട് വീഡിയോകളാണു പ്രദർശിപ്പിച്ചത്. ആണവായുധം വഹിച്ച് ലോകത്ത് എവിടെയും ചെന്നെത്താൻശേഷിയുള്ള ക്രൂസ് മിസൈലാണ് ഒരെണ്ണം. ശത്രുവിന്റെ ഏതു മിസൈൽ പ്രതിരോധസംവിധാനത്തെയും വെട്ടിച്ചു ലക്ഷ്യത്തിലെത്താൻ കഴിയുന്ന ഈ ഭൂഖണ്ഡാന്തര മിസൈൽ തകർക്കാൻ ആർക്കുമാവില്ലെന്നു പുടിൻ പറഞ്ഞു. മുങ്ങിക്കപ്പലിൽനിന്നു വിക്ഷേപിക്കാവുന്ന ഡ്രോണാണു മറ്റൊന്ന്. ഇതും അതീവ നശീകരണശേഷിയുള്ളതാണ്. സോവ്യറ്റ് കാലഘട്ടത്തിനുശേഷം നിർമിച്ച പുതിയ ആയുധങ്ങൾക്ക് ഉചിതമായ പേരു നിർദേശിക്കാൻ റഷ്യക്കാരെ അദ്ദേഹം ആഹ്വാനം ചെയ്തു. ഏതാനും സൂപ്പർസോണിക് മിസൈലുകളുടെ വീഡിയോയും പ്രദർശിപ്പിച്ചു. ആയുധപ്പന്തയം നടത്തിയും അനാവശ്യ ഉപരോധങ്ങൾ ഏർപ്പെടുത്തിയും റഷ്യയുടെ മുന്നോട്ടുള്ള കുതിപ്പിനെ തകർക്കാൻ യുഎസ് നടത്തിയ ശ്രമം പരാജയപ്പെട്ടെന്നു പുടിൻ പറഞ്ഞു. റഷ്യക്ക് എതിരേ ഉപയോഗിക്കാവുന്ന പുതിയ മിസൈൽ പ്രതിരോധ സംവിധാനവുമായി മുന്നോട്ടു പോകരുതെന്നു പലവട്ടം യുഎസിനോട് ആവശ്യപ്പെട്ടിരുന്നതാണെന്നും അവർ ശ്രദ്ധിച്ചില്ലെന്നും പുടിൻ ചൂണ്ടിക്കാട്ടി. ഏതു പ്രതിരോധത്തെയും മറികടക്കാൻ ശേഷിയുള്ള മിസൈൽ റഷ്യ വികസിപ്പിച്ച സ്ഥിതിക്ക് ഇനി യുഎസിനു ശ്രദ്ധിക്കാതിരിക്കാൻ സാധ്യമല്ല.
നാറ്റോയുടെയും അമേരിക്കയുടെയും പ്രതിരോധ സംവിധാനങ്ങളെ മറികടക്കുമെന്ന് റഷ്യ
RELATED ARTICLES