ശ്രീനഗര്‍ അതിര്‍ത്തിയില്‍ വീണ്ടും സംഘർഷാവസ്ഥ

Kashmir

ശ്രീനഗര്‍ അതിര്‍ത്തിയില്‍ വീണ്ടും സംഘർഷാവസ്ഥ . പാകിസ്ഥാന്റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പൂഞ്ച് സെക്ടറിലുണ്ടായ പ്രകോ പനത്തിലാണ് സംഭവം.

ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്. ഷെല്ലാക്രമണത്തില്‍ മൂന്ന് വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉറി സെക്ടറിലും സമാനമായ പ്രകോപനം പാകിസ്ഥാന്‍ നടത്തിയിരുന്നു. കുപ് വാരയില്‍ ഭീകരര്‍ക്കായുള്ള തെരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാരും കൊല്ലപ്പെട്ടവരില്‍പെടുന്നു.
കുപ്‍വാരയിലെ ക്രാല്‍ഗുണ്ട് ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന് വിവരം കിട്ടിയ സുരക്ഷാ സേന പ്രദേശത്തെത്തി തെരച്ചില്‍ നടത്തുകയായിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്ന വീടിനടുത്ത് സുരക്ഷാ സേന എത്തിയപ്പോള്‍ത്തന്നെ ആദ്യം വെടിവയ്പുണ്ടായി.

സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു. വീടിനകത്ത് നിന്ന് വെടിവയ്‍പ് നിലച്ചപ്പോള്‍ കൂടുതല്‍ തെരച്ചിലിനായി സംഘം അകത്തേയ്ക്ക് കയറി. പരിക്കേറ്റ് കിടക്കുന്നവരെ പരിശോധിക്കുന്നതിനിടെയാണ് മരിച്ചെന്ന് കരുതിയ ഒരു ഭീകരന്‍ എഴുന്നേറ്റ് നിന്ന് സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ നാല് ഉദ്യോഗസ്ഥരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.