പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് രീതികള്‍ ഇന്നു മുതല്‍ നിലവില്‍ വരും. ‘എച്ച്’ എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റ ആകൃതിയില്‍ കുത്തിവെച്ചിരിക്കുന്ന കമ്പികള്‍ക്കിടയിലൂടെ വണ്ടിയോടിച്ചാല്‍ മാത്രം ഇനി ലൈസന്‍സ് കിട്ടില്ല. വര്‍ഷങ്ങളായി പിന്തുടര്‍ന്ന് പോന്നിരുന്ന രീതികളാണ് ഇന്ന് മുതല്‍ മാറുന്നത്. മതിയായ പ്രാവീണ്യമില്ലാതെ റോഡില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് പുതിയ രീതിയിലേക്ക് മാറിയത്.
പ്രധാന മാറ്റങ്ങള്‍
‘എച്ച്’ എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്ന് രണ്ടര അടിയായി കുറച്ചു. വാഹനത്തിലിരുന്നു പുറകോട്ടു നോക്കിയാല്‍ കമ്പി കാണില്ല. വാഹനത്തിലെ കണ്ണാടി മാത്രം നോക്കി വേണം വണ്ടി പുറകോട്ടും വശങ്ങളിലേക്കും എടുക്കേണ്ടത്. വാഹനത്തിന് കയറാനും ഇറങ്ങാനുമുള്ള ഭാഗങ്ങള്‍ ഒഴിച്ച് എല്ലാഭാഗത്തെയും കമ്പികള്‍ റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിക്കും. റിബണില്‍ എവിടെ തട്ടിയാലും കമ്പി വീഴും. അതോടെ ലൈസന്‍സ് പ്രായോഗിക പരീക്ഷ തോല്‍ക്കും.
വാഹനം റിവേഴ്സ് എടുക്കുമ്പോള്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ അടയാളം വെയ്ക്കുന്ന പതിവ് അനുവദിക്കില്ല.
റിവേഴ്സ് എടുക്കുമ്പോള്‍ തിരിഞ്ഞുനോക്കാനോ, ഡോറിന് വെളിയിലേക്ക് നോക്കാനോ അനുവാദമില്ല.
നിരപ്പായ സ്ഥലത്തിന് പുറമെ കയറ്റത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം ഓടിച്ച് കാണിക്കണം. വണ്ടി പുറകോട്ട് പോവാന്‍ പാടില്ല.
രണ്ടു വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാനാകുമോ എന്നറിയാനുള്ള പാര്‍ക്കിങ് പരീക്ഷ ഉണ്ടാകും.
ഇന്ന് മുതല്‍ പുതിയ രീതിയിലാകും ഡ്രൈവിങ് ടെസ്റ്റ് എന്ന അറിയിപ്പ് നേരത്തെ നല്കിയിരുന്നതിനാല്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ അത്തരത്തിലുള്ള പരിശീലനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്