നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യ വിന്നി (81) അന്തരിച്ചു

vinny mandela

ദക്ഷിണാഫ്രിക്കന്‍ വിമോചന സമര നേതാവും നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യയുമായ വിന്നി മഡികിസേല മണ്ടേല(81) അന്തരിച്ചു. രോഗബാധിതയായിരുന്നു. നിരവധി പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അവര്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.‘ഏറെക്കാലമായി അവര്‍ രോഗിണിയായിരുന്നു. ഈ വര്‍ഷം ആദ്യം മുതല്‍ ആശുപത്രിയില്‍ നിരവധി തവണ സന്ദര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വസതിയില്‍ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ സുഖമരണമായിരുന്നു.’ – ബന്ധുവായ വിക്ടര്‍ ദലാമിനി പറഞ്ഞു.ബിസാനയില്‍ 1939ലാണ് വിന്നിയുടെ ജനനം. മെട്രിക്കുലേഷന് ശേഷം സോഷ്യല്‍ വര്‍ക്ക് പഠിക്കാനായി ജോഹന്നാസ്ബര്‍ഗിലേക്ക് മാറി. 1957ലാണ് വര്‍ണവിവേചനത്തിനെതിരെ സമരം ചെയ്യുന്ന നെല്‍സണ്‍ മണ്ടേലയെ പരിചയപ്പെടുന്നത്. ഒരു വര്‍ഷത്തിന് ശേഷം അവര്‍ വിവാഹിതരാവുകയും രണ്ട് കുട്ടികളുടെ അമ്മയാവുകയും ചെയ്തു.38 വര്‍ഷത്തെ ദാമ്പത്ത്യത്തിനു ശേഷം ഇരുവരും വിവാഹമോചനം തേടുകയുണ്ടായി, ഇതില്‍ 27 വര്‍ഷവും നെല്‍സണ്‍ മണ്ടേല ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. 1994 ല്‍ നെല്‍സണ്‍ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാവുമ്പോള്‍ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലായിരുന്നു, പക്ഷേ രണ്ടു കൊല്ലം മുമ്പു തന്നെ ഇവര്‍ വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. 1996ലാണ് ഇവര്‍ നിയമപരമായി വിവാഹമോചനം നേടുന്നത്, 1994 ല്‍ വിന്നി ദക്ഷിണാഫ്രിക്കയുടെ പ്രഥമ വനിതയായിരുന്നു. മണ്ടേലയുടെ അവസാന കാലഘട്ടങ്ങളില്‍ വിന്നി ദിനംപ്രതി അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കുമായിരുന്നു. മണ്ടേലയുടെ ജയില്‍വാസകാലത്ത്, അദ്ദേഹത്തിന്റെ ചിന്തകളും, ആശയങ്ങളും പുറംലോകമറിഞ്ഞത് വിന്നിയിലൂടെയായിരുന്നു.