അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ യുവതിയുടെ മൊബൈല്‍ നമ്പര്‍ പോസ്റ്റ് ചെയ്തയാൾ പിടിയിൽ

അടിമുടി മാറുകയാണ് ജനപ്രിയ വാട്സ്‌ആപ്പ്

യുവതിയുടെ മൊബൈല്‍ നമ്പര്‍ അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.ഇടപ്പള്ളി സ്വദേശി ജോമി(20)യെ എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കലൂരില്‍ താമസിക്കുന്ന പൂണിത്തുറ സ്വദേശിനിയുടെ ഫോണ്‍ നമ്പറാണ് യുവാവ് വാട്‌സാപ്പ് ഗ്രൂപ്പിലിട്ടത്. കഴിഞ്ഞ 24നാണ് യുവതിയുടെ ഫോണ്‍ നമ്പര്‍ യുവാവ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ഇത് പല വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. ഇതോടെ പല നമ്പറുകളില്‍ നിന്നും യുവതിയുടെ ഫോണിലേക്ക് നിരന്തരം കോളുകള്‍ എത്താന്‍ തുടങ്ങി. അശ്ലീലം കലര്‍ന്ന ഭാഷയിലാണ് ഭൂരിഭാഗം പേരും സംസാരിച്ചത്. അശ്ലീല വീഡിയോകളും ഫോട്ടോകളും ഇതുപോലെ പലരും യുവതിയുടെ വാട്ട്‌സാപ്പിലേക്ക് അയക്കുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ യുവതി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.