കൊറിയന്‍ ഉപദ്വീപീയ മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നു. അമേരിക്കയയും ദക്ഷിണകൊറിയയും പ്രകോപനകരമായ സൈനികാഭ്യാസം തുടരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ഐക്യരാഷ്ട്ര രക്ഷാസമിതി പ്രശ്നം ചര്‍ച്ചചെയ്തതിന് പിന്നാലെയാണ് സംഘര്‍ഷാവസ്ഥ വീണ്ടും രൂക്ഷമായത്. ചൈനയോടും പ്രസിഡന്റിനോടും ഉത്തരകൊറിയ അനാദരവ് കാട്ടുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.
ഉത്തരകൊറിയ ചെറുആണവായുധം ഘടിപ്പിച്ച മിസൈല്‍ സജ്ജമാക്കാനുള്ള പരിശ്രമം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ എത്താന്‍ പ്രാപ്തിയുള്ള ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയയുടെ ശേഖരത്തിലുണ്ടെന്നാണ് വിലയിരുത്തല്‍. തങ്ങളെ ആക്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്ക് മടിക്കില്ലെന്നും എല്ലാം മറന്നുള്ള യുദ്ധത്തെ അതേനിലയില്‍തന്നെ കാണുമെന്നും ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ട്. തലസ്ഥാനമായ പ്യോങ്യാങ്ങിനു വടക്ക് പ്യോന്‍ഗാന്‍ പ്രവിശ്യയില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ ടേക്ക് ഓഫിനുശേഷം പൊട്ടിത്തെറിച്ചെന്ന് ദക്ഷിണകൊറിയയും അമേരിക്കയും അവകാശപ്പെട്ടു. കെഎന്‍-17 എന്ന പേരിലുള്ള മധ്യദൂര മിസൈലാണ് ശനിയാഴ്ച ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് അമേരിക്ക പറയുന്നു.
അമേരിക്കയുടെ വിമാനവാഹിനി യുഎസ്എസ് കാള്‍ വിന്‍സനും അനുബന്ധ പടക്കപ്പലുകളും കൊറിയന്‍ തീരത്ത് എത്തിക്കഴിഞ്ഞു. നൂറുകോടി ഡോളര്‍ ചെലവില്‍ വിവാദ താഡ് മിസൈല്‍വേധ സംവിധാനം അമേരിക്ക ദക്ഷിണകൊറിയയില്‍ സ്ഥാപിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഉത്തരകൊറിയയുടെ ആക്രമണം ചെറുക്കാനെന്ന പേരില്‍ ദക്ഷിണകൊറിയയില്‍ അമേരിക്ക സൈനികസാന്നിധ്യം ശക്തമാക്കുന്നതിനെതിരെ പ്രദേശവാസികള്‍ തന്നെ പ്രക്ഷോഭരംഗത്താണ്. ആവശ്യമെങ്കില്‍ ഉത്തരകൊറിയക്കെതിരെ സൈന്യത്തെ ഉപയോഗിക്കുമെന്ന് പരസ്യമായി ഭീഷണിയും മുഴക്കി. ഇതിനു പിന്നാലെയാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചത്.