കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയിൽനിന്ന് പിൻവാങ്ങുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സൂചനക്കു പിന്നാലെ അമേരിക്കയെ സമ്മർദത്തിലാക്കാൻ ചൈനയും യൂറോപ്യൻ യൂണിയനും കൈകോർക്കുന്നു. ഫോസിൽ ഇന്ധനങ്ങളിൽനിന്നു ശുദ്ധ ഉൗർജത്തിലേക്ക് മാറി കാലാവസ്ഥക്കു കൂട്ടാവാൻ ലോകത്തെ പ്രേരിപ്പിക്കുന്ന പാരിസ് ഉടമ്പടി നടപ്പാക്കാൻ ഏതറ്റംവരെ പോകാനും ഇരുശക്തികളും തീരുമാനിച്ചു. വെള്ളിയാഴ്ച യൂറോപ്യൻ യൂനിയൻ നേതാക്കളും ചൈനീസ് പ്രധാനമന്ത്രി കെക്വിയാങ്ങും പെങ്കടുക്കുന്ന ഉച്ചകോടിയിൽ ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന പുറപ്പെടുവിക്കും.
ഇറ്റലിയിൽ ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ട്രംപിെൻറ കടുത്ത നിലപാടിനെ തുടർന്ന് കാലാവസ്ഥ വിഷയത്തിൽ ഏകാഭിപ്രായത്തിലെത്താൻ കഴിയാതെ പിരിഞ്ഞതിനു പിന്നാലെയാണ് ചൈനയും ജർമനിയും മുൻകൈയെടുത്ത് പുതിയ നീക്കം. 2015ൽ നിലവിൽവന്ന പാരിസ് ഉടമ്പടിയിൽ നികരാഗ്വയും സിറിയയുമൊഴികെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.
എന്നാൽ, ഇത് അമേരിക്കയുടെ സാമ്പത്തികവളർച്ച തടയിടാനുള്ള നീക്കമെന്നാരോപിച്ചാണ് ട്രംപ് പിന്മാറ്റത്തിനൊരുങ്ങുന്നത്. അമേരിക്ക പിൻവാങ്ങിയാൽ കൂടുതൽ രാജ്യങ്ങൾ വഴിയേ നീങ്ങുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മുൻ പ്രസിഡൻറ് ബറാക് ഒബാമ കരാറിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. കാർബൺ വികിരണത്തിെൻറ പാർശ്വഫലം അനുഭവിക്കുന്ന മൂന്നാം ലോക രാജ്യങ്ങൾക്ക് 300 കോടി ഡോളർ സഹായവും ഒബാമ വാഗ്ദാനം ചെയ്തു. ഇതിൽ 100 കോടി കൈമാറിയതിനുപിറകെ അധികാരത്തിലെത്തിയ ട്രംപ് വിപരീത നിലപാട് സ്വീകരിക്കുന്നത് ലോകത്തെ ആശങ്കയിലാക്കുന്നുണ്ട്. അമേരിക്ക നിലപാട് തിരുത്തണമെന്ന് ആപ്പിൾ ഉൾപ്പെടെ വൻകിട കമ്പനികളും സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരും ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.