താൻ ഉറങ്ങിക്കിടക്കുമ്പോൾ യുവതിയാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് ഗംഗേശാനന്ദ. കാമുകന് അയ്യപ്പദാസിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി ആക്രമണം നടത്തിയതെന്നും തെളിവെടുപ്പിനായി യുവതിയുടെ വീട്ടിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ സ്വാമി വ്യക്തമാക്കി.
നേരത്തെ താൻ തന്നെയാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് പൊലീസിന് മൊഴി നൽകിയ ഗംഗേശാനന്ദയാണ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്.തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളൊന്നും ശരിയല്ല. ഉറങ്ങിക്കിടക്കുമ്പോഴാണ് ജനനേന്ദ്രിയം മുറിച്ചത്. കണ്ണുതുറന്നപ്പോള്‍ പെണ്‍കുട്ടിയെയാണ് കണ്ടത്. കാമുകന്റെ സഹായം പെൺകുട്ടിക്ക് ലഭിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊഴി അടിസ്ഥാനമാക്കി മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ ഗംഗേശാനന്ദയെ ജൂണ്‍ മൂന്ന് വരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പക്ഷേ, മകള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും മകളുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തതാണു വൈരാഗ്യത്തിനു കാരണമെന്നും കാണിച്ച് യുവതിയുടെ അമ്മ ഡിജിപിക്കു പരാതി നല്‍കിയിരുന്നു.