ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട എംഎല്‍എ കെ യു അരുണനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സിപിഎം തീരുമാനം. എന്ത് നടപടിയെടുക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തൃശ്ശൂര്‍ ജില്ലാകമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കി. പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് അരുണന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി.
ആര്‍എസ്എസിന്‍റെ ഊരകം ശാഖ സംഘടിപ്പിച്ച നോട്ടുപുസ്തക വിതരണത്തിന്റെ ഉദ്ഘാടനത്തിലാണ് കെ യു അരുണന്‍ എംഎല്‍എ പങ്കെടുത്തത്. നടന്നത് ആര്‍എസ്എസ് പരിപാടിയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സ്ഥലത്ത് എത്തിയതിന് ശേഷമാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നുമായിരുന്നു അരുണന്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്ന് ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. പാര്‍ട്ടി അച്ചടക്കത്തിന്‍റെ ലംഘനം നടത്തിയ അരുണനെതിരെ നടപടി വേണമെന്ന പൊതു അഭിപ്രായമാണ് യോഗത്തിലുയര്‍ന്നത്.
അച്ചടക്ക നടപടി സ്വീകരിച്ച് അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തൃശ്ശൂര്‍ ജില്ലാകമ്മിറ്റിക്ക് സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഏരിയ കമ്മിറ്റി അംഗമായ അരുണനെതിരെ താക്കീതോ ശാസനയോ തരംതാഴ്ത്തലോ ഉണ്ടാകുമെന്നാണ് സൂചന. 2010ല്‍ ആര്‍എസ്‌എസ് പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്‌ത കൊല്ലം മേയറായിരുന്ന പത്മലോചനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു