ആഹാരത്തിന്‍റെ ആര്‍ഭാടമാണ് ലോകത്തെ ഏറ്റവും ക്രൂരമായ ആര്‍ഭാടം. പാഴാക്കപ്പെടുന്ന ആഹാരത്തിന്‍റെ നാലിലൊന്നു പോലും വേണ്ട ഭൂമിയില്‍ പട്ടിണ കിടക്കുന്നവരുടെ ഒരു ദിവസത്തെ വിശപ്പു മാറ്റാന്‍. ഒരു നേരം ഒരാള്‍ക്ക് കഴിക്കാനുള്ള മധുരപലഹാരത്തിന് 22 ലക്ഷം രൂപ വരെ വിലയുള്ളപ്പോള്‍ പട്ടിണി രാജ്യങ്ങളില്‍ ഒരു കുടുംബത്തിന് 10 വര്‍ഷത്തേക്ക് സമൃദ്ധമായി ആഹാരം കഴിക്കാന്‍ ഈ തുകമതിയാകും.
ഭക്ഷണം പാഴാക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചവരാണ് ബ്രിട്ടീഷുകാര്‍. കൊളോണിയല്‍ പാരമ്പര്യത്തിന്‍റെ ശീലമായ ധാരാളിത്തത്തിന്‍റെ തുടര്‍ച്ചയാകും ഇതിനു കാരണം. ബ്രിട്ടീഷുകാര്‍ പാഴാക്കുന്ന വാഴപ്പഴത്തിന്‍റെ മാത്രം കണക്കാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്നിരിക്കുന്നത് .ഒരു ദിവസം ഏതാണ്ട് പതിനാലര ലക്ഷത്തോളം വാഴപ്പഴങ്ങളാണത്രെ ബ്രിട്ടീഷുകാര്‍ ചവിറ്റു കുട്ടയിലേക്കു തള്ളുന്നത്. വര്‍ഷം ഏതാണ്ട് 8 കോടി പൗണ്ടിന്റെ മൂല്യമുള്ള വാഴപ്പഴങ്ങളാണ് ഇങ്ങനെ പാഴാക്കുന്നത്. അതായത് ഏതാണ്ട് 6629 കോടി ഇന്ത്യന്‍ രൂപ.
ഇങ്ങനെ കളയാനുള്ള കാരണങ്ങളാണ് കൂടുതല്‍ അത്ഭുതപ്പെടുത്തുന്നത്. വാഴപ്പഴത്തിന്‍റെ മഞ്ഞ നിറമുള്ള തൊലിയില്‍ ചെറി കറുത്ത പാടോ, അല്ലെങ്കില്‍ ഇളം പച്ച നിറമോ കണ്ടാല്‍ അത് കളയുമത്രെ. 30 ശതമാനത്തോളം ഉപഭോക്താക്കളാണ് കറുത്ത പാട് കണ്ടാല്‍ വഴപ്പഴം ഉപയോഗിക്കാതെ കളയുമെന്ന് പറയുന്നത്. 10 ശതമാനം പേര്‍ പച്ച നിറത്തിന്‍റെ പേരിലും. ഈ വാഴപ്പഴമെല്ലാം പട്ടിണിമരണം നടക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നതാണ് എന്നുള്ളത് മറ്റൊരു വിരോധാഭാസം.
സര്‍ക്കാര്‍ നടത്തിയ ഔദ്യോഗിക പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ജനങ്ങളുടെ ഈ ദുശ്ശീലം അവസാനിപ്പിക്കാന്‍ ബനാന റസ്ക്യൂ എന്ന പേരില്‍ പദ്ധതി ആവിഷ്കരിക്കാനാണ് അധികൃതരുടെ നീക്കം. ഉപഭോക്താക്കളെ എല്ലാവരെയും തിരുത്തുകയെന്നത് പ്രായോഗികമല്ലാത്തതിനാല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യ സ്ഥാനങ്ങള്‍. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന പഴങ്ങള്‍ മാത്രം വില്‍പ്പനയ്ക്കു വയ്ക്കാനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തൊലിപ്പുറത്തെ പാടിന്‍റെ പേരില്‍ ഉപഭോക്താക്കള്‍ നിരസിക്കാന്‍ സാധ്യതയുള്ള പഴങ്ങള്‍ ബേക്കറി ഉത്പന്നങ്ങൾക്കായി എല്ലാ ദിവസവും വൈകിട്ടു നല്‍കാനാണ് തീരുമാനം.