ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായി;സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും

train

ദുരൂഹ സാഹചര്യത്തില്‍ ട്രെയിനില്‍ നിന്ന് വയനാട് കാക്കവയല്‍ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ് . അങ്കമാലി വരെ സഞ്ചരിച്ചത് സുഹൃത്തിനൊപ്പമെന്ന് പൊലീസ് സ്ഥിരീകരിച്ചു. അങ്കമാലിയില്‍ സുഹൃത്ത് ഇറങ്ങിയതിനു ശേഷം പിന്നെ പെണ്‍കുട്ടിയെ കണ്ടിട്ടില്ല . സുഹൃത്തുക്കളുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചാണ് പൊലീസിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

മൂന്ന് ദിവസം മുന്‍പാണ് എറണാകുളത്തെ അമ്മവീട്ടിലേക്ക് പെണ്‍കുട്ടി പോയത്. ഈ യാത്രയില്‍ കോഴിക്കോട് മുതല്‍ അങ്കമാലി വരെ സുഹൃത്ത് ഒപ്പമുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. സുഹൃത്ത് അങ്കമാലിയില്‍ ഇറങ്ങി. യാത്രക്കിടയില്‍ പെണ്‍കുട്ടിയുമായി പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പോലീസിന് ബോധ്യമായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് സുഹൃത്തിന്റെ മൊഴി സത്യമാണെന്നാണ് പൊലീസ് നിഗമനം.

യാത്ര പുറപ്പെട്ട ശേഷം കാണാതായ പെണ്‍കുട്ടിയെ കുറിച്ച്‌ മൂന്ന് ദിവസം കഴിഞ്ഞിട്ടും പോലീസിന് കാര്യമായ വിവരം ലഭിച്ചിട്ടില്ല. ഇതിനകം നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചിട്ടില്ല. യാത്ര പുറപ്പെട്ട ശേഷം പെണ്‍കുട്ടിയെ കുറിച്ച്‌ വിവരം ഇല്ലെന്ന് കാണിച്ച്‌ രക്ഷിതാക്കള്‍ മീനങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ചോറ്റാനിക്കര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ പെണ്‍കുട്ടിയെ കണ്ടതായി ഒരു സഹപാഠി കുടുംബത്തെ അറിയിച്ചു. ബസ് സ്റ്റാന്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഉടന്‍ പരിശോധിക്കും.