കൂട്ടമാനഭംഗത്തിന് ഇരയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം തുടർക്കഥയാകുന്നു. കൂട്ടമാനഭംഗ ഇരയായ യുവതി മൂന്നു തവണ ആസിഡ് ആക്രമണത്തെ അതിജീവിച്ചിരുന്നു. ഇപ്പോൾ നാലാം തവണയും ആസിഡ് ആക്രമണമുണ്ടായതായി റിപ്പോർട്ട്. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലാണ് സംഭവം. തുടർച്ചയായ ആസിഡ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുവതിക്കു പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ യുവതി ലക്നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി എട്ടിനും ഒൻപതിനും ഇടയിലായിരുന്നു സംഭവം. ഹോസ്റ്റലിൽ താമസിക്കുന്ന യുവതി, വെള്ളമെടുക്കുന്നതിനായി താഴേക്ക് ഇറങ്ങിയപ്പോഴാണ് അജ്ഞാതൻ ആസിഡ് എറിഞ്ഞത്. ഹോസ്റ്റലിൽ ഏർപ്പെടുത്തിയിരുന്ന സായുധ സംരക്ഷണത്തിനു പുറമെ പൊലീസ് കാവലും തുടരുമ്പോഴായിരുന്നു സംഭവം. യുവതി അബോധാവസ്ഥയിലാണെന്നും അക്രമികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും ലക്നൗ എഡിജിപി അഭയ് കുമാർ പ്രസാദ് അറിയിച്ചു.
ഇക്കഴിഞ്ഞ മാർച്ചിൽ വീട്ടിലേക്കു പോകവെ, ട്രെയിനിൽവച്ച് രണ്ട് അക്രമികൾ ഇവർക്കുനേരെ ആസിഡ് എറിഞ്ഞിരുന്നു. അക്രമികളെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തു. സംഭവം വിവാദമായതോടെ യോഗി ആദിത്യനാഥ് സർക്കാർ യുവതിക്ക് ധനസഹായം നൽകിയിരുന്നു. ഇപ്പോൾ 35 വയസുള്ള യുവതി 2008ലാണ് ക്രൂരമായ കൂട്ടമാനഭംഗത്തിന് ഇരയായത്. പ്രതികളെ പൊലീസ് പിന്നീട് പിടികൂടിയിരുന്നു. കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്. കൂട്ടമാനഭംഗത്തിന് പിന്നാലെ 2011ലും 2013ലും യുവതിക്കുനേരെ ആസിഡ് ആക്രമണമുണ്ടായി.