ടിക് ടോക്കിനെതിരെ യുകെയില്‍ അന്വേഷണം

citinews-tiktok

ടിക് ടോക്കിനെതിരെ യുകെയില്‍ അന്വേഷണം. അമേരിക്കയില്‍ സമാനമായ കുറ്റമാരോപിച്ച്‌ അധികൃതര്‍ ടിക് ടോക്കിന് 57 ലക്ഷം ഡോളര്‍ പിഴശിക്ഷ വിധിച്ച പശ്ചാത്തലത്തില്‍ ഫെബ്രുവരിയിലാണ് ബ്രിട്ടിഷ് പാര്‍ലമെന്ററി കമ്മറ്റി ടിക് ടോക്കിനെതിരെ അന്വേഷണം ആരംഭിച്ചതെന്ന് യുകെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എലിസബത്ത് ഡെന്‍ഹാം പറഞ്ഞു

കുട്ടികള്‍ക്ക് അനുയോജ്യമായ സുതാര്യതാ സംവിധാനങ്ങള്‍ക്ക് വേണ്ടിയാണ് ശ്രമിക്കുന്നത്. മെസേജിങ് സംവിധാനം, കുട്ടികള്‍ ഏതെല്ലാം തരത്തിലുള്ള വീഡിയോകള്‍ കാണുന്നു, പങ്കുവെക്കുന്നു തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ടിക് ടോക്കിനെ സംബന്ധിച്ച്‌ അന്വേഷണം സജീവമായി നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
സ്വകാര്യ വിവരങ്ങള്‍ എങ്ങനെ ശേഖരിക്കുന്നു,ഒരു പ്രായപൂര്‍ത്തിയായ ആളെ ഒരു കുട്ടിയ്ക്ക് സന്ദേശങ്ങള്‍ അയക്കാന്‍ ഈ തുറന്ന മെസേജിങ് സംവിധാനം അനുവദിക്കുന്നത് എങ്ങിനെയാണ് തുടങ്ങിയവയും അന്വേഷിക്കുന്നുണ്ട്.

കുട്ടികള്‍ക്ക് മുതിര്‍ന്നവരില്‍ നിന്നും വ്യത്യസ്തമായ സേവനങ്ങളും സംരക്ഷണങ്ങളും ഒരുക്കണമെന്നാണ് യുകെയിലെ ജിഡിപിആര്‍ നിയമം ആവശ്യപ്പെടുന്നത്. ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ബ്രിട്ടനിലെ ജിഡിപിആര്‍ നിയമം ലംഘിക്കാനുള്ള സാധ്യത കാണുന്നുണ്ട്. എന്നും ഡെന്‍ഹാം പറഞ്ഞു.

ഫെബ്രുവരിയിലാണ് 13 വയസില്‍ താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ ടിക് ടോക്ക് നിയമവിരുദ്ധമായി ശേഖരിച്ചു എന്ന് കാണിച്ച്‌ ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് എന്ന സ്ഥാപനത്തിന് അമേരിക്ക 57 ലക്ഷം ഡോളര്‍ പിഴ വിധിച്ചത്.