ഭാഗ്യക്കുറി ടിക്കറ്റിന്റെ കളര്‍ ഫോട്ടോകോപ്പി, സ്കാന്‍ ചെയ്ത കോപ്പി, പ്രിന്റ് എന്നിവയെടുത്ത് വ്യാജനുണ്ടാക്കി ഏജന്റുമാരെയും വില്‍പ്പനക്കാരെയും കബളിപ്പിച്ച് സമ്മാനത്തുക കൈക്കലാക്കുന്നവര്‍ ഇനി കുടുങ്ങും. സി-ഡിറ്റുമായി ചേര്‍ന്ന് മൈക്രോ പ്രിന്റിങ്, ഗില്ലോച്ച് പാറ്റേണ്‍, മങ്ങിയ എഴുത്ത് (ഒപേക് ടെക്സ്റ്റ്), ത്രിമാന ദൃശ്യം എന്നീ നാലു സുരക്ഷാ സംവിധാനങ്ങളാണ് വ്യാജനെ തടയാന്‍ ടിക്കറ്റില്‍ ഒരുക്കുക.
ടിക്കറ്റില്‍ പ്രത്യക്ഷത്തില്‍ ഒരു വരപോലെ തോന്നിക്കത്തക്കത്തവിധം ഒരു വരിയില്‍ ഒരു പ്രത്യേക വാക്കോ സന്ദേശമോ ചേര്‍ത്ത മൈക്രോ പ്രിന്റിങ്ങാണ് സുരക്ഷാ നടപടികളില്‍ പ്രധാനം. ശക്തിയേറിയ ലെന്‍സിലൂടെ നോക്കിയാല്‍ ഒളിഞ്ഞിരിക്കുന്ന വാക്കോ സന്ദേശമോ വ്യക്തമാകും. ടിക്കറ്റിന്റെ പകര്‍പ്പോ പ്രിന്റോ എടുത്താല്‍ ഒരു വര മാത്രമേ കാണാനാകൂ. ടിക്കറ്റിന്റെ മുന്‍ഭാഗത്ത് മൂന്ന് വശത്തെയും അരികുകളിലായി (വലത്തേയറ്റത്തെ അരിക് ഒഴികെ) വരകള്‍കൊണ്ടുള്ള ഒരു ഡിസൈന്‍ ഗില്ലോച്ച് പാറ്റേണിലൂടെ പ്രിന്റ്ചെയ്ത് ചേര്‍ത്തിട്ടുണ്ട്. യഥാര്‍ഥ ടിക്കറ്റില്‍ നാലുവശത്തും അരികുകളില്‍ അലങ്കാരത്തിനായി ചെയ്ത വരകളാലുള്ള പ്രത്യേക ഡിസൈന്‍ പാറ്റേണ്‍ ആണിത്. വ്യാജ പകര്‍പ്പുകളില്‍ വെറും കുത്തുകളായി മാത്രമേ ഇത് കാണാനാകൂ.
ടിക്കറ്റിന്റെ മുന്‍വശത്ത് പ്രത്യേക ഭാഗത്ത് കെഎസ്എല്‍ എന്ന കോഡ് ‘മങ്ങിയ എഴുത്തി’ലൂടെ പ്രിന്റ് ചെയ്തിട്ടുണ്ട്. ഒരു പ്രത്യേകതരം ഫിലിം ഉപയോഗിച്ച് നോക്കിയാല്‍ ഇത് ദൃശ്യമാകും. ടിക്കറ്റിന്റെ പ്രിന്റോ പകര്‍പ്പോ എടുത്താല്‍ ഈ ഭാഗം ഒഴിഞ്ഞസ്ഥലമായേ ഫിലിമിലൂടെ കാണാനാകൂ. ടിക്കറ്റിന്റെ മുന്‍വശത്ത് വലത്തേയറ്റത്തെ അരികില്‍ കൌണ്ടര്‍ഫോയില്‍ കട്ട് ചെയ്്ത ശേഷം നമ്പര്‍ ഭാഗികമായി ദൃശ്യമാകുന്ന ഭാഗം അല്‍പ്പം ചരിച്ചുപടിച്ചു നോക്കിയാല്‍ കെഎസ്എല്‍ എന്ന അക്ഷര കോഡ് ടിക്കറ്റിന്റെ പ്രതലത്തില്‍നിന്ന് ഉയര്‍ന്ന് ത്രിമാന രീതിയില്‍ എഴുന്ന് നില്‍ക്കുന്നതായി കാണാം. ടിക്കറ്റിന്റെ പ്രിന്റോ പകര്‍പ്പോ എടുത്താല്‍ ഈ സുരക്ഷാ കോഡ് ദൃശ്യമാകില്ല.സുരക്ഷാ പരിശോധന നടത്താനുള്ള ലെന്‍സ് ഏജന്റുമാര്‍ വാങ്ങണം. ഫിലിം 45 രൂപയ്ക്ക് ജില്ലാ ലോട്ടറി ഓഫീസില്‍ ലഭ്യമാക്കും. നറുക്കെടുപ്പ് വിവരങ്ങളെയുംകുറിച്ച് അറിയാന്‍ കെല്‍ട്രോണ്‍ മുഖേന വെബ്പോര്‍ട്ടല്‍ തയ്യാറാക്കി.