ഇരുട്ടില്‍ കടന്നുപിടിച്ച് ചുംബിച്ച യുവാവിന്റെ നാവ് വീട്ടമ്മ കടിച്ചുമുറിച്ചു. വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഞാറയ്ക്കല്‍ മൂരിപ്പാടത്ത് രാഗേഷ് അറസ്റ്റിലായി. കഴിഞ്ഞ ബുധനാഴ്ച രാത്രി ഞാറയ്ക്കലിലായിരുന്നു സംഭവം.
വീട്ടമ്മ വീടിന് പുറത്തെ ടോയ്‌ലറ്റിലേക്ക് പോകുന്നത് കണ്ട യുവാവ് വൈദ്യുതി ബന്ധം വിഛേദിച്ചു. തുടര്‍ന്ന് ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ ഇരുട്ടില്‍ നിന്ന് കടന്നുപിടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ വീട്ടമ്മയെ ചുംബിക്കാനാഞ്ഞു. ഇതോടെ സ്ത്രീ അവരെ ശക്തിയായി കടിച്ചു. യുവാവിന്റെ നാവിലാണ് കടിയേറ്റത്. പൊടുന്നനെയുണ്ടായ പ്രത്യാക്രമണത്തില്‍ സ്തംഭിച്ചുപോയ യുവാവ് സ്ത്രീയെ തള്ളിയിട്ട് ഇരുട്ടില്‍ ഓടി മറഞ്ഞു. ഇയാളുടെ നാവ് രണ്ട് സെന്റീമീറ്ററോളം അറ്റുപോയിരുന്നു. തുടര്‍ന്ന് നാവിന്റെ മുറിഞ്ഞ ഭാഗവുമായി വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇതേ തുടര്‍ന്ന് പൊലീസ് സമീപ ആശുപത്രികളില്‍ പരിശോധന നടത്തി. അങ്ങനെയാണ് നാവ് മുറിഞ്ഞ് ചികിത്സയ്‌ക്കെത്തിയ രാഗേഷിനെ കണ്ടെത്തുന്നത്. മദ്യലഹരിയില്‍ സംഭവിച്ചതാണെന്ന് ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഞായറാഴ്ച ഇയാളുടെ മുറിഞ്ഞ നാവിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. 30 കാരനായ രാഗേഷ് അവിവാഹിതനാണ്. നാവിന്റെ അറ്റുപോയ ഭാഗം ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഞാറയ്ക്കല്‍ എസ് ഐ ആര്‍ രഗീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.