അഭിനേത്രി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി. കാവ്യയുടെ പിതാവ് മാധവനൊപ്പമാണ് ഇരുവരും ജയിലിൽ എത്തിയത്. ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ആദ്യമായാണ് ഭാര്യയും മകളും കൂടിക്കാഴ്ച നടത്തുന്നത്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായും ജയിലിലെത്തി താരത്തെ കണ്ടു.
അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളിൽ പങ്കെടുക്കാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് അനുമതി നൽകിയതിനു പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്. സുഹൃത്തും സംവിധായകനുമായ നാദിർഷയാണ് ദിലീപിനെ കാണാൻ ആദ്യം ജയിലിലെത്തിയത്. നാദിർഷ മടങ്ങിയതിന് പിന്നാലെയാണ് കാവ്യയും മകളും എത്തിയത്. മൂന്ന് ജാമ്യാപേക്ഷയും നിരസിക്കപ്പെട്ട് ജയിലിലായി രണ്ടുമാസം തികയ്ക്കാറാകുമ്പോഴാണ് കാവ്യ ആദ്യമായി ദിലീപിനെ കാണാനെത്തുന്നത്. കാവ്യയും മകളും നേരത്തെയും കാണാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ജയിലിലെ കൂടിക്കാഴ്ച ദിലീപ് വിലക്കുകയായിരുന്നു.
നാലേകാലോടെ എത്തിയ കാവ്യയും മകൾ മീനാക്ഷിയും ഇരുപതു മിനിറ്റോളം ഉള്ളിൽ ചിലവഴിച്ചു. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറങ്ങിയ കാവ്യ, കേസിൽ ഏറെ വിവാദമായ ‘മാഡ’ത്തെ കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിച്ചില്ല. കേസിലെ മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനി, തന്റെ ‘മാഡം’ കാവ്യാ മാധവൻ ആണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം പൊലീസ് ഗൗരവത്തിൽ എടുത്തിട്ടില്ല.
വീട്ടുകാർ ജയിലിൽ തന്നെ സന്ദർശിക്കുന്നതു ദിലീപ് വിലക്കിയിരുന്നു. എന്നാൽ മകൻ ജയിലിലായി ഒരു മാസം പിന്നിട്ടപ്പോൾ അമ്മ സരോജം ജയിലിൽ എത്തി കണ്ടിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സൂരജും ഒപ്പമുണ്ടായിരുന്നു. തുടർന്ന്, സത്യസന്ധമായി കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സരോജം മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചിരുന്നു.
സെപ്റ്റംബർ ആറിനു രാവിലെ എഴു മുതൽ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കാനാണ് ദിലീപിന് ഇപ്പോൾ കോടതി അനുമതി നൽകിയത്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ശ്രാദ്ധച്ചടങ്ങുകൾ കഴിഞ്ഞാലുടൻ ജയിലിൽ തിരിച്ചെത്തുമെന്നുമുള്ള ഉറപ്പിലാണ് പൊലീസ് സുരക്ഷയിൽ ദിലീപിന് താൽക്കാലിക പരോൾ അനുവദിച്ചിട്ടുള്ളത്.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ ജൂലൈ പത്തിന് അറസ്റ്റ് ചെയ്തത്. അങ്കമാലി കോടതിയിലും ഹൈക്കോടതിയിലുമായി മൂന്നു തവണ ജാമ്യത്തിന് ദിലീപ് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. അതേസമയം, ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 16 വരെ നീട്ടിയിട്ടുണ്ട്.