ദിലീപ് ആദ്യമായി ജയിലിൽ നിന്ന് മോചിതനാകുന്നു. പക്ഷെ വെറും രണ്ടു മണിക്കൂർ മാത്രം. അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാൻ ദിലീപിന് അനുമതി ലഭിച്ചതിനാലാണ് പുറത്തിറങ്ങാൻ അവസരം കിട്ടിയിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. സെപ്തംബർ ആറാം തിയതി വീട്ടിൽ നടക്കുന്ന ചടങ്ങിൽ ദിലീപിന് പങ്കെടുക്കാം. രണ്ട് മണിക്കുർ നേരത്തേക്കാണ് ഇളവനുവദിച്ചത്. ശനിയാഴ്ചയാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി തേടി ദിലീപ് കോടതിയെ സമീപിച്ചത്. ആലുവ മണപ്പുറത്തും ദിലീപിന്റെ വീട്ടിലുമായാണ് ചടങ്ങുകൾ നടക്കുന്നത്. ദിലീപിന് ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ എതിർപ്പ് പ്രകടിപ്പിച്ചത്.
നേരത്തെ നടൻ ദിലീപ് ഹൈകോടതിയിൽ സമർപ്പിച്ച രണ്ടാം ജാമ്യഹരജിയും തള്ളിയിരുന്നു. ആദ്യ ജാമ്യഹരജി പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് രണ്ടാം തവണയും ഹരജി തള്ളിയത്.
നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പിെച്ചന്ന പ്രതികളായ അഭിഭാഷകരുടെ മൊഴി വിശ്വസനീയമല്ലെന്നും ഇവ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നുമുള്ള പ്രോസിക്യൂഷൻ വാദവും കോടതി കണക്കിലെടുത്തായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് അച്ഛന്റെ ശ്രാദ്ധത്തിൽ പെങ്കടുക്കാൻ അനുവദിക്കണമെന്നന് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. അതേ സമയം, ദിലീപ് റിമാൻഡ് സെപ്തംബർ 16 വരെ നീട്ടി.