മണിയാര്‍ ഡാമിനെക്കുറിച്ച ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലസേചന വകുപ്പ്

mulaperiyar dam

പത്തനംതിട്ടയിലെ മണിയാര്‍ ഡാമിനെക്കുറിച്ച ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലസേചന വകുപ്പ് അധികൃതര്‍. മഴയിലും വെള്ളപ്പൊക്കത്തിലും ഡാമിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഇവ അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുന്നതല്ലെന്നും, കേടുപാടുകള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഇറിഗേഷന്‍ ഡിസൈന്‍ ആന്റ് റിസര്‍ച്ച്‌ ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ അറിയിച്ചു. മണിയാര്‍ ഡാം കഴിഞ്ഞ ദിവസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച്‌ കേടുപാടുകള്‍ വിലയിരുത്തിയിരുന്നു, അഞ്ച് സ്പില്‍വേകളില്‍ ഒന്നിന്റെ ഉപരിതലത്തിലെ ഫേസിംഗ് കല്ലുകള്‍ ഇളകിയിട്ടുണ്ട്. ഡാമിന് താഴെ ഇടതു ഗൈഡ്വാളിന്റെ അടിഭാഗത്തെ കെട്ട് ഇളകി മണ്ണൊലിച്ചിട്ടുണ്ട്. രണ്ടു സ്പില്‍വേ ഷട്ടറുകളുടെ ബോഗി വീലുകളും തകരാറിലായിട്ടുണ്ട്. ജലസംഭരണിയില്‍ നിന്ന് ജല വിതരണത്തിനുള്ള കനാല്‍ തുടങ്ങുന്നിടത്തെ ബൈല്‍മൗത്തിന്റെ ഭിത്തികള്‍ ഇടിയുകയും ട്രാഷ് റാക്കിന് സ്ഥാനചലനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഡാമിന് താഴെയുള്ള നദീ സംരക്ഷണ ഭിത്തിക്കും കേടുപാട് സംഭവിച്ചു. എന്നാല്‍ ഇവയൊന്നും ഡാമിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും, തുലാവര്‍ഷത്തിനും അടുത്ത ജലവിതരണ സീസണും മുമ്ബ് കേടുപാടുകള്‍ പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.