മറ്റുഭാഷകളുമായി താരതമ്യപ്പെടുത്തിയാല്‍ ഹിന്ദി ഒരു കൊച്ചു കുട്ടിയാണെന്നും അത് ഞങ്ങളുടെ തൊണ്ടയില്‍ കുത്തി നിറക്കരുതെന്നും ചലച്ചിത്ര താരവും മക്കള്‍ നീദി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍. ചെന്നൈ ലയോള കോളേജിലെ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യത്ത് ഹിന്ദി ഭാഷഅടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ച് ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായാണ് കമല്‍ഹാസന്റെ പ്രതികരണം.
തമിഴ്, കര്‍ണാടക, തെലുങ്ക് എന്നീ ഭാഷകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹിന്ദി ഒരു കൊച്ചുകുട്ടിയാണ്, അത് ഞങ്ങളുടെ തൊണ്ടയില്‍ കുത്തി നിറയ്ക്കരുതെന്ന് കമല്‍ഹാസന്‍ ആവര്‍ത്തിച്ച് പറഞ്ഞു. വെല്ലൂരില്‍ ദലിതരെ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാത്തതും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്മശാനം പണിയാന്‍ ശ്രമിക്കുന്നതിനെയും കമല്‍ഹാസന്‍ വിമര്‍ശിച്ചു.
കുറഞ്ഞത് ശ്മശാനത്തിലെങ്കിലും സമത്വം ഉറപ്പാക്കാന്‍ നമുക്കാവണം. അവിടെ നിന്ന് നമുക്ക് തുടങ്ങാം. എന്റെ മരണത്തിന് ശേഷം ദലിത് സഹോദരന്മാരുടെ കൂടെ ഉണ്ടായിരിക്കട്ടേ എന്നും കമല്‍ പറഞ്ഞു.