ആസാദി കാ അമൃത് മഹോത്സവ്: ശുചിത്വ സന്ദേശ വാഹനയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെയും, ഗാന്ധിജയന്തി ആഘോഷത്തിന്റെയും ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശുചിത്വസന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി ശുചിത്വ സന്ദേശ വാഹനയാത്രയ്ക്ക് തുടക്കമായി. കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും ചേര്‍ന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലയെ സമ്പൂര്‍ണ ശുചിത്വ പദവിയില്‍ ഉയര്‍ന്ന നിലവാരത്തോടെ എത്തിക്കാന്‍ പദ്ധതികള്‍ നടപ്പാക്കി വരുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഗാന്ധിജിയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്താകെ ശുചീകരണ യജ്ഞം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശുചിത്വം എന്നത് വ്യക്തിയുടെ അകത്തും പുറത്തും ഒരുപോലെ തിളങ്ങി നില്‍ക്കേണ്ട സവിശേഷതയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഗാന്ധി ദര്‍ശനങ്ങള്‍ ജീവിതത്തിന് പുതിയ ഊര്‍ജം പകരുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലയെ മാലിന്യമുക്തമാക്കാനുള്ള സന്ദേശമാണ് വാഹനയാത്രയിലൂടെ നല്‍കുന്നത്.  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യാതിരിക്കുകയും ഖരമാലിന്യങ്ങള്‍ ഉള്‍പ്പെടെ വൃത്തിയായി സ്വന്തംവീടുകളില്‍ സൂക്ഷിച്ച് വച്ച് തദ്ദേശസ്ഥാപനത്തിന്റെ ഹരിതകര്‍മ സേനകള്‍ക്ക് കൈമാറുകയും ചെയ്യണം. മലിനജലം കെട്ടിക്കിടക്കാതെ സോക്പിറ്റുകളില്‍ സംസ്‌കരണം നടത്തണം. പാഴ്‌വസ്തുക്കള്‍ പൊതുഇടങ്ങളില്‍ നിക്ഷേപിക്കരുത്.  വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫിലോ, പരിസരത്തോ മാലിന്യവസ്തുക്കള്‍ നിക്ഷേപിക്കാന്‍ പാടില്ല. ഇത് ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് അവര്‍ ശേഖരിക്കുന്ന പാഴ്‌വസ്തുക്കള്‍ സൂക്ഷിച്ച് വയ്ക്കുവാനുള്ളതാണ്. കോവിഡ് 19 മായി ബന്ധപ്പെട്ട ബോധവത്കരണ സന്ദേശങ്ങളും സന്ദേശയാത്രയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ജില്ലയിലെ നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലായി രഥഘോഷയാത്ര പര്യടനം നടത്തും.
 ചടങ്ങില്‍ എഡിഎം അലക്‌സ് പി. തോമസ്, ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ്. ഹനീഫ്, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ അജയ്, നെഹ്‌റു യുവകേന്ദ്ര വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗാന്ധി ജയന്തി: കളക്ടറേറ്റും ജില്ലാ പഞ്ചായത്ത് പരിസരവും ശുചീകരിച്ചു
ഗാന്ധി ജയന്തിയുടെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെയും നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റും ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരവും ശുചീകരിച്ചു.
ഉദ്യോഗസ്ഥര്‍, നെഹ്‌റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം  വോളണ്ടിയര്‍മാരുടെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണം. ജീവിതത്തിന്റെ എല്ലാ മേഖലയിലും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത കര്‍മ്മ ധീരനാണ് മഹാത്മജി. അദ്ദേഹത്തിന്റെ ജന്മദിനം ശുചീകരണം ഉള്‍പ്പെടെയുള്ള ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞൂ.
കര്‍മ്മ രംഗത്ത് ഗാന്ധി ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മഹാത്മാ ഗാന്ധി എല്ലാ അര്‍ഥത്തിലും സമൂഹത്തിന് വഴികാട്ടിയായിരുന്നെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ശുചീകരണത്തില്‍ എഡിഎം അലക്‌സ് പി. തോമസ്, ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ്. ഹനീഫ്, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ അജയ്, നെഹ്‌റു യുവകേന്ദ്ര വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.