ഇന്നത്തെ സാഹചര്യത്തില്‍ മഹാത്മാഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തി: മന്ത്രി വീണാ ജോര്‍ജ്

രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന  സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷത്തില്‍ മഹാത്മാഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തിയാണുള്ളതെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ മഹാത്മാ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഗാന്ധിയന്‍ ആദര്‍ശങ്ങളും ചിന്തകളും കേവലം ഒരു ദിവസം മാത്രമായി ഒതുങ്ങി കൂടേണ്ട ഒന്നല്ല. വര്‍ത്തമാന കാലഘട്ടത്തില്‍ നമ്മുടെ ചിന്തകളേയും സാമൂഹിക ഇടപെടലുകളേയും നയിക്കുന്ന മറ്റൊരു മാതൃകയില്ല. നമ്മുടെ ചിന്തകളേയും സാമൂഹിക ഇടപെടലുകളേയും, പ്രവര്‍ത്തനങ്ങളേയും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് അനുസൃതമായി അവലോകനം ചെയ്ത് പരിവര്‍ത്തനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍, എഡിഎം അലക്‌സ്. പി. തോമസ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി. വേണുഗോപാലകുറുപ്പ് എന്നിവര്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍,  അസിസ്റ്റന്റ് എഡിറ്റര്‍ സി.ടി. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ഭരണകേന്ദ്രത്തിന്റെയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ന്യൂ ഇന്ത്യ @ 75 രക്തദാന ബോധവത്കരണ ക്യാംപെയ്ന്‍ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ന്യൂ ഇന്ത്യ @ 75 രക്തദാന ബോധവല്‍ക്കരണ കാംപെയ്‌നിന്റെ ഭാഗമായി കോളജ് റെഡ് റിബണ്‍ ക്ലബുകള്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സമ്മാനങ്ങള്‍ നല്‍കി.
ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം സിഡിറ്റ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ചാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.
ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഒന്നാം സ്ഥാനവും പന്തളം മൈക്രോ കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് കംപ്യൂട്ടര്‍ ടെക്‌നോളജി രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഒന്നാം സ്ഥാനവും പരുമല സെന്റ് ഗ്രിഗോറിയോസ് കോളജ് രണ്ടാം സ്ഥാനവും പന്തളം മൈക്രോ കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് കംപ്യൂട്ടര്‍ ടെക്‌നോളജി മൂന്നാം സ്ഥാനവും നേടി.