Saturday, April 20, 2024
HomeKeralaശബരിമലയില്‍ നാളെ രാത്രി മുതല്‍ നിരോധനാജ്ഞ

ശബരിമലയില്‍ നാളെ രാത്രി മുതല്‍ നിരോധനാജ്ഞ

ശബരിമലയില്‍ നാളെ രാത്രി മുതല്‍ നിരോധനാജ്ഞ. നാളെ രാത്രി മുതല്‍ ആറാം തീയതി രാത്രി വരെ നിരോധനാജ്ഞയുണ്ട് . നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ബാധകമാകുന്നത്. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുന്നത് ഈ മാസം അഞ്ചിനാണ്.

യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുമെന്നു സര്‍ക്കാരും പ്രതിരോധിക്കുമെന്നു സമരക്കാരും നിലപാടെടുത്തതോടെ സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ടാണു പൊലീസിന്റെ നടപടി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ആയിരത്തിലധികം പൊലീസുകാരെയാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി വിന്യസിക്കുക. എന്നാല്‍, എത്രയധികം പൊലീസിനെ വിന്യസിച്ചാലും ഒരു യുവതിപോലും സന്നിധാനത്തു പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധ രംഗത്തുള്ളവര്‍ പറയുന്നത്.

ഐജി പി. വിജയനാണു സന്നിധാനത്തെ ചുമതല. വര്‍ഷങ്ങളായി തീര്‍ത്ഥാടന കാലത്തെ സുരക്ഷാ മേല്‍നോട്ടം വഹിച്ചുവരുന്നതു വിജയനാണ്. നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ചുമതല ഐ ജി എം.ആര്‍. അജിത് കുമാറിനാണ് . ഐജിമാര്‍ക്കൊപ്പം ഐപിഎസ് ഓഫീസര്‍മാരും സഹായത്തിനുണ്ടാകും. മരക്കൂട്ടത്ത് എസ്‌പിമാര്‍ക്കാണ് ചുമതല. 16ന് ആരംഭിക്കുന്ന മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗം കൂടിയാണ് ഇത്തവണത്തെ ക്രമീകരണങ്ങള്‍. സുപ്രീം കോടതി വിധി പ്രകാരം ശബരിമല ദര്‍ശനത്തിനു പൊലീസ് സംരക്ഷണം തേടി ആരെങ്കിലും എത്തിയാല്‍ സുരക്ഷ നല്‍കുമെന്നു പത്തനംതിട്ട പൊലീസ് മേധാവി ടി.നാരായണന്‍ പറഞ്ഞു.

തുലാം മാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ യുവതി പ്രവേശനത്തിനെതിരെയുളള പ്രതിഷേധം അക്രമത്തില്‍ കലാശിച്ചിരുന്നു. നിലയ്ക്കലില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസിന് ലാത്തിവീശേണ്ടി വന്നു. തുടര്‍ന്ന് അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ആ ദിവസങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments