Wednesday, April 24, 2024
HomeNationalകോടതി വളപ്പില്‍ ഡല്‍ഹി പോലിസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി

കോടതി വളപ്പില്‍ ഡല്‍ഹി പോലിസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി

ഓള്‍ഡ് ഡല്‍ഹിയിലെ ടിസ് ഹസാരി കോടതി വളപ്പില്‍ ഡല്‍ഹി പോലിസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി. ഒമ്പതു പോലിസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. സംഘര്‍ഷത്തിനിടെ പോലിസ് വെടിയുതിര്‍ത്തെന്ന് അഭിഭാഷകര്‍ ആരോപിച്ചു.

സംഭവത്തില്‍ രണ്ടു അഭിഭാഷകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സെന്റ് സ്റ്റീഫന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. അഭിഭാഷകനായ വിജയ് സഞ്ചരിച്ച വാഹനം പോലിസ് ജയില്‍ വാഹനത്തില്‍ ഇടിച്ചതിനെതുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. ഇദ്ദേഹത്തോട് പോലിസുകാര്‍ മോശമായി പെരുമാറുകയും ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചെന്നും ടിസ് ഹസാരി ബാര്‍ അസോസിയേഷന്‍ ഭാരവാഹി ജയ് ബിസ്വാള്‍ പറഞ്ഞു.

എസ്എച്ച്ഒയും ലോക്കല്‍ പോലിസും വന്നെങ്കിലും അകത്തേക്ക് പോകാന്‍ അനുവദിച്ചില്ല. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. കോടതി ആറ് ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ഒരു സംഘത്തെ അങ്ങോട്ട് അയച്ചെങ്കിലും അവരേയും അകത്തേക്ക് കടത്തിവിട്ടില്ല. തുടര്‍ന്ന് തങ്ങള്‍ തിരിച്ച് പോവാന്‍ ഒരുങ്ങവെ പോലിസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ബിസ്വാള്‍ പറഞ്ഞു. എന്നാല്‍ വെടിവയ്പ്പുണ്ടായെന്ന അഭിഭാഷകരുടെ വാദം ഡല്‍ഹി പോലിസ് നിഷേധിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കോടതിക്ക് പുറത്ത് പോലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

സംഘര്‍ഷത്തിനിടെ യുപി പോലിസ് കസ്റ്റഡിയില്‍നിന്ന് ഒരു കുറ്റവാളി രക്ഷപ്പെട്ടു. സംഘര്‍ഷത്തില്‍ കോട്‌വാലി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ രാജീവ് ഭരദ്വാജിനും മറ്റു അഞ്ചു പോലിസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അഡീഷണല്‍ ഡിസിപി ഹരേന്ദ്രയ്ക്ക് മര്‍ദ്ദനമേല്‍ക്കുകയും ഡിസിപി മോണിക്ക ഭരദ്വാജിനോട് മോശമായി പെരുമാറുകയും ചെയ്തതായി ആരോപണമുണ്ട്. സംഭവത്തെ അപലപിച്ച ബാര്‍ അസോസിയേഷന്‍ നവംബര്‍ നാലിന് ജില്ലയിലുടനീളം പണി മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments