ക്രിസ്മസ് വരവായി. വിണ്ണിലും മണ്ണിലും നക്ഷത്രങ്ങള്‍ തെളിഞ്ഞു. ഇനിയുള്ള രാവുകള്‍ നക്ഷത്രശോഭയില്‍ മിന്നിതിളങ്ങും. ക്രിസ്മസിന്റെ വരവറിയിച്ച് നക്ഷത്ര വിളക്കുകള്‍ എങ്ങും മിഴിതുറന്നു. വ്യാപാര സ്ഥാപനങ്ങളില്‍ വിവിധ തരത്തിലും നിറത്തിലുമുള്ള നക്ഷത്രങ്ങള്‍ വില്‍പനയ്ക്കായി എത്തിക്കഴിഞ്ഞു. പതിവു പോലെ ഇത്തവണയും പുതിയ സിനിമകളുടെയും സിനിമാ ഗാനങ്ങളുടെയും പേരിലാണ് പുത്തന്‍ നക്ഷത്രങ്ങള്‍ എത്തിയിരിക്കുന്നത്. ജിമിക്കി കമ്മലും ടേക്ക് ഓഫും ബാഹുബലിയും സോളോയും തരംഗവുമാണ് വിപണിയിലെ സൂപ്പര്‍ സ്റ്റാറുകള്‍. മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍..എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ പ്രശ്‌സതി കിട്ടിയ ജിമിക്കി കമ്മലാണ് ഈ വര്‍ഷത്തെ നക്ഷത്ര വിപണിയിലെ സൂപ്പര്‍ താരം. ഗോള്‍ഡണ്‍ കളറില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ നക്ഷത്രത്തിന് വില 365 രൂപയാണ്. പച്ച, ചുവപ്പ്, നീല എന്നി മൂന്നു നിറങ്ങളിലാണ് ജിമിക്കി കമ്മല്‍ നക്ഷത്രം. ടേക്ക് ഓഫാണ് മറ്റൊരു പുതിയ ഇനം വാലുകള്‍ക്ക് നീളം കൂടുതലുള്ള പ്രത്യേക ഡിസൈനിലുള്ള നക്ഷത്രമാണു ടേക്ക് ഓഫിന്റെ പേരിലുള്ളത്. 325 രൂപയാണ് ഇതിന്റെ വില. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ പേരിലും നക്ഷത്രം ഇറങ്ങി കഴിഞ്ഞു. ഇതിനും ആവശ്യക്കാരേറെയാണ്. 21 കാലുകളാണ് ഈ നക്ഷത്രത്തിന്റെ പ്രത്യേകത. വെള്ള, പച്ച, നീല, മിക്‌സഡ് എന്നി നാലു കളറുകളിലുള്ള ഈ ബ്രഹ്മാണ്ഡ നക്ഷത്രത്തിനു വിലയും അല്പം ബ്രഹ്മാണ്ഡമാണ്. 350 രൂപയാണ് ബാഹുബലി നക്ഷത്രത്തിന്റെ വില. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സോളോ, ടോവിനോയുടെ തരംഗം എന്നി സിനിമ പേരിലും നക്ഷത്രങ്ങളുണ്ട്. സോളോയ്ക്ക് 300 രൂപയും തരംഗത്തിനു 270രൂപയുമാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ നേരത്തെതന്നെ ക്രിസ്മസ് നക്ഷത്ര വിപണി നഗരങ്ങളില്‍ സജീവമായിരിക്കുകയാണ്.
ക്രിസ്മസ് വിപണി നക്ഷത്രശോഭയില്‍ ; ജിമിക്കി കമ്മലും ടേക്ക് ഓഫും ബാഹുബലിയും സൂപ്പര്‍ സ്റ്റാറുകള്‍
RELATED ARTICLES