Thursday, April 18, 2024
HomeKeralaചക്കുളത്തുകാവ് ശ്രീ ഭഗവതീക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം

ചക്കുളത്തുകാവ് ശ്രീ ഭഗവതീക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം

ചക്കുളത്തുകാവ് ശ്രീ ഭഗവതീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഭക്തര്‍ എത്തിതുടങ്ങി. ഞായറാഴ്ചയാണ് പൊങ്കാല. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഞായറഴ്ച പുലര്‍ച്ചെ നാലിന് ഗണപതിഹോമത്തോടെ ചടങ്ങ് ആരംഭിക്കും. രാവിലെ ഒമ്പതിന് ചേരുന്ന ആധ്യാത്മിക സംഗമം ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷനാകും. സിംഗപ്പൂര്‍ ശ്രീനിവാസ പെരുമാള്‍ ക്ഷേത്രാംഗം ധര്‍മ്മ ചിന്താമണി കുമാര്‍പിള്ള പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നിപകരും. ക്ഷേത്രപരിസരത്തും സമീപപ്രദേശങ്ങളിലും തിരുവല്ല മുതല്‍ തകഴി വരെയും എംസി റോഡില്‍ ചങ്ങനാശേരി – ചെങ്ങന്നൂര്‍- പന്തളം, മാന്നാര്‍- മാവേലിക്കര റോഡ്, മുട്ടാര്‍ – കിടങ്ങറ, വീയപുരം- ഹരിപ്പാട് റോഡ് എന്നിവിടങ്ങളിലായി വിശ്വാസികള്‍ ഒരുക്കുന്ന അടുപ്പുകളില്‍ പൊങ്കാല തയാറാക്കും. പകല്‍ 11ന് അഞ്ഞൂറിലധികം വേദപണ്ഡിതന്‍മാരുടെ കാര്‍മികത്വത്തില്‍ പൊങ്കാല നേദിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സാമുദായിക- സാംസ്കാരിക – സന്നദ്ധസംഘടകളുടെയും സേവനങ്ങള്‍ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തര്‍ക്കായി ഒരുക്കും. മൂവായിരത്തോളം വളന്റിയര്‍മാരെയും രണ്ടായിരത്തോളം പൊലീസിനെയും ഏര്‍പ്പെടുത്തും. പൊലീസ്, കെഎസ്ഇബി, ഹെല്‍ത്ത്, ഫയര്‍ഫോഴ്സ്, വാട്ടര്‍ അതോറിറ്റി, എക്സൈസ്, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്, റെവന്യൂ തുടങ്ങിയ വകുപ്പുകളുടെ സേവനം പത്തനംതിട്ട, ആലപ്പുഴ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കും. തലവടി പഞ്ചായത്ത് ഗ്രൌണ്ടില്‍ കെഎസ്ആര്‍ടിസിയുടെ താല്‍ക്കാലിക സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍നിന്ന് ക്ഷേത്രത്തിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. വാട്ടര്‍ അതോറിറ്റി ആവശ്യമായ ശുദ്ധജലം ലഭ്യമാക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments